വേനല്‍ക്കാലം അതിന്റെ തീവ്രതയിലേയ്ക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. വഴിയിലേയ്ക്കിറങ്ങിയാല്‍ പൊള്ളുന്ന ചൂട്. വിയര്‍ത്ത്, ദാഹിച്ച് വണ്ടിയിലോ നടന്നോ വരുമ്പോള്‍ വഴിയരികില്‍ ദാഹശമിനികളുമായി വില്‍പ്പനയ്ക്കു നില്‍ക്കുന്നവരെ കണ്ടാല്‍ ആരും മുഖം തിരിച്ച് കടന്നുപോകില്ല. വഴിയോര കച്ചവടങ്ങളില്‍ ഏറ്റവും പ്രധാനമാണ് കരിക്ക്. മൂടുചെത്തി സ്‌ട്രോയുമിട്ട് തന്നുകഴിഞ്ഞാല്‍ ഒറ്റ വലിക്ക് അകത്താക്കും. അത്രയ്ക്കുണ്ടല്ലോ ദാഹം.
കരിക്കിനെപ്പോലെ പ്രകൃതി ദത്തവും ആരോഗ്യ പ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല എന്നത് മറ്റൊരു സത്യം. പക്ഷെ കുറച്ചു കാലമായി നമ്മുടെ വഴിയോരങ്ങളില്‍ കച്ചവടത്തിനെത്തുന്ന കരിക്കിന്റെ നിറവും വലിപ്പവും തികച്ചും വ്യത്യസ്തവും മോഹിപ്പിക്കുന്നതുമാണ്.
തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഈ കരിക്ക് വിപണി കീഴടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി. ഉപഭോക്താവിനെ സംബന്ധിച്ച് നാടന്‍ കരിക്കിന്റെ ഇരട്ടി വലിപ്പമുള്ള ഇളനീര്‍ എന്തുകൊണ്ടും ലാഭകരമാണ് എന്നതാണ് അതിന് കാരണം.
എന്താണ് ഈ കരിക്കിന്റെ ഇപ്പോഴത്തെ അസാമാന്യ വലിപ്പത്തിനും രുചിയ്ക്കും കാരണമെന്നതിന്റെ ഉത്തരമാണ് ഇപ്പോള്‍ മലയാളിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. അമൃതെന്ന് കരുതി വഴിയരികില്‍ നിന്ന് നാം വാങ്ങി കുടിച്ചുകൊണ്ടിരുന്നത് ഒരിക്കലും മനുഷ്യ ശരീരത്തിനുള്ളില്‍ ചെല്ലാന്‍ പാടില്ലാത്ത ദ്രാവകമാണെന്നാണ് ഉത്തരം. തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയ കാര്യങ്ങളും അതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
തമിഴ്നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍ എല്ലായിടത്തും നടക്കുന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചകണ്ടാല്‍ പിന്നീട് ജീവിതത്തില്‍ ആരും ഇളനീര്‍ കുടിക്കില്ല. മുമ്പ് ഇവര്‍ തെങ്ങിന്റെ തടി തുരന്ന് രാസവസ്തുക്കള്‍ നിറച്ച് അടച്ചുവയ്ക്കുകയാണ് ചെയ്തിരുന്നതങ്കില്‍ ഇപ്പോഴത്തെ രാസവിഷ പ്രയോഗം പതിന്മടങ്ങ് രൂക്ഷമാണ്.
ആദ്യ ഘട്ടം തെങ്ങിന്റെ തടം തുറക്കലാണ്. അപ്പോള്‍ കാണപ്പെട്ടുതുടങ്ങുന്ന തെങ്ങിന്റെ വേരുകളില്‍ ബലിഷ്ടവും വലിപ്പമുള്ളതുമായ ഏതാനം വേരുകള്‍ തിരഞ്ഞെടുക്കും. തുടര്‍ന്ന് വേരിന്റെ മണ്ണില്‍ ഊര്‍ന്നിറങ്ങുന്ന ഭാഗത്തിന്റെ അഗ്രം ചെത്തി കുഴല്‍ പോലുള്ള പ്ലാസ്റ്റിക്ക് കവറിന്റെ ഒരു ഭാഗത്ത് വേര് അകത്തായി വരത്തക്ക രീതിയില്‍ കെട്ടിവയ്ക്കുന്നു.
ശേഷം ആ പ്ലാസ്റ്റിക് കവറില്‍ അതി മാരകമായ അലുമിനിയം സള്‍ഫേറ്റ് പോലുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്ത രാസകീടനാശിനി ലായനി ഒഴിച്ച് നിറച്ച് കവറിന്റെ മറ്റേ അഗ്രവും കെട്ടിവയ്ക്കുന്നു. ഇപ്പോള്‍ ആ വേര് വിഷലായനിയില്‍ മുങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരിക്കും. തുടര്‍ന്ന് വേരുകള്‍ മണ്ണിട്ട് മൂടും. ഇപ്രകാരം ചെയ്യുന്ന തെങ്ങുകളുടെ ഏഴയലത്ത് ഒരു കീടവും വരില്ല. അത്രയും രൂക്ഷമാണ് ഇതിന്റെ പ്രവര്‍ത്തനം.
കീടങ്ങള്‍ക്ക് അത് തിരിച്ചറിയാനുള്ള കഴിവ് പ്രകൃതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ രൂക്ഷ വിഷം കലര്‍ന്ന ഇളനീരുകളെ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് ഇല്ലാത്തതിനാല്‍ അതിന്റെ ദുരന്തഫലം കാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങളുടെ രൂപത്തില്‍ നമ്മില്‍ പിന്നീട് പ്രതിഫലിക്കും എന്നുമാത്രം. പ്രചരിക്കുന്ന വീഡിയോയുടെ വിശ്വാസ്യത എത്രമാത്രമുണ്ടെന്ന് ഉറപ്പില്ലെങ്കിലും കരുതിയിരിക്കുന്നത് നന്നായിരിക്കും.