ഓട്ടിസം ബാധിച്ച്, സുബോധമില്ലാതെ പെരുമാറുന്ന മകളെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് ജോലിയ്ക്ക് പോകുന്ന നിസഹായയായ അമ്മയുടെ വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവുപേക്ഷിച്ച് പോയ താന്‍ തുച്ഛമായ ശമ്പളം ഉപയോഗിച്ചാണ് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തുന്നതെന്നും ഇളയ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി കഴിയുന്നവര്‍ സഹായം ചെയ്യണമെന്നുമുള്ള ബിന്ദു പ്രദീപ് എന്ന അമ്മയുടെ രോദനം ലോകത്തെങ്ങുമുള്ള മലയാളികള്‍ കേള്‍ക്കുകയുണ്ടായി.
വീഡിയോ കാണാനിടയായ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായ വാഗ്ദാനവുമായെത്തി. എന്നാല്‍ വാര്‍ത്ത അറിഞ്ഞ് സഹായിക്കാനെന്ന വ്യാജേന വാട്ട്‌സ്ആപ്പിലൂടെ അവരെ സമീപിച്ച ഒരു വ്യക്തിയുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്ന് വന്ന ഒരു കോളില്‍ പറഞ്ഞത് കുട്ടിയെ ഒന്ന് കാണണം സഹായിക്കാം എന്നാണ്.
പിന്നീട് വിഡിയോ കോളില്‍ വന്ന് മോശമായി പെരുമാറുകയായിരുന്നു. പിന്നീട് കേട്ടാലറയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ജീവിതം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നവരോടാണ് ഇയാള്‍ ഇങ്ങനെ പെരുമാറിയതെന്നും ബിന്ദു കണ്ണീരോടെ പറയുന്നു.
ഇയാള്‍ക്കെതിരെ ബിന്ദു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്പറും ഉള്‍പ്പെടെ പങ്കുവച്ചാണ് ബിന്ദു സമൂഹമാധ്യമങ്ങളില്‍ ഈ വിവരം പോസ്റ്റ് ചെയ്തത്. ട്രൂ കോളറില്‍ മുബാറക് അല്‍ ഹറബി എന്നാണ് ഇയാളുടെ പേര്.
ക്രൈം ഫോട്ടോഗ്രാഫി മേഖലയില്‍ ജോലി ചെയ്യുന്ന ബിന്ദു പ്രദീപിന്റെയും ഓട്ടിസം ബാധിച്ച മകളുടെയും കഥ സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുമ്പറമ്പിലാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു വിഡിയോ. അദ്ദേഹം തന്നെയാണിപ്പോള്‍ ബിന്ദുവിനെ നേരെയുണ്ടായ ഈ അതിക്രമവും ലോകത്തിനു മുന്നില്‍ എത്തിച്ചിരിക്കുന്നത്.