പല വിലയേറിയ പാഠങ്ങളും പഠിക്കാനും ലോകമെങ്ങുമുള്ളവര്‍ക്ക് ചില മാതൃകകള്‍ കാണിച്ചുകൊടുക്കാനും മലയാളിയ്ക്ക് സാധിച്ച ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയത്. പേമാരിയോ പെരുവെള്ളമോ പ്രളയമോ ഒന്നും വന്നാല്‍ അണഞ്ഞു പോവുന്നതല്ല തങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും ഐക്യവുമെന്ന് കേരളവും മലയാളികളും ലോകത്തോട് വിളിച്ചു പറഞ്ഞു.
ഇക്കാലയളവില്‍ നിരവധി നന്മ വാര്‍ത്തകളും കാഴ്ചകളുമാണ് കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. അതില്‍ പ്രധാനമാണ് എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്ന പലരും, തങ്ങളുടെ ആത്മവിശ്വാസത്തെ വെള്ളത്തില്‍ ഒഴുക്കി വിടാതെ കൂടെക്കൂട്ടിയെന്നത്. ഇതിനെ തങ്ങള്‍ അതിജീവിക്കും എന്നതാണ് മലയാളികളുടെ നിലവിലെ സുകൃതജപം തന്നെ.
നമ്മള് അതിജീവിക്കും എന്ന വാചകത്തോട് നൂറുശതമാനവും നീതി പുലര്‍ത്തുന്ന രണ്ട് അമ്മമാരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് വീഡിയോയാണ് ഇപ്പോള്‍ മലയാളികളുടെ ആത്മവിശ്വാസത്തിന് വീണ്ടും ഊര്‍ജം പകരുന്നത്. ഈ രണ്ട് അമ്മമാരുടെ ആത്മവിശ്വാസവും ധൈര്യവും കേരളത്തിന് മുഴുവനുമുള്ള മരുന്നാണെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.