കുട്ടികളുടെ കുസൃതികള്‍ ചിലപ്പോഴൊക്കെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പിന്നീടൊരു കാലത്ത് ഓര്‍ക്കുമ്പോള്‍ അവ രസകരവുമായിരിക്കും. ഇത്തരത്തില്‍ ഒരു കൊച്ചുകുട്ടിയുടെ കുസൃതി അവന്റെ തന്നെ ജീവന് ഭീഷണിയാവുകയും പിന്നീട് ഏതാനും ചില മനുഷ്യരുടെ നന്മയും ശ്രദ്ധയുംകൊണ്ട് അതൊഴിവായിപ്പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സംഭവമിങ്ങനെ…തിരക്കുള്ള റോഡിലേക്ക് ഓടിയിറങ്ങുന്നൊരു കുഞ്ഞിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആ സമയം റോഡിലൂടെ വന്ന ഒരു ലോറിക്കാരന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.
വീട്ടില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് നടന്നിറങ്ങി, നടുറോഡില്‍ ഇരിപ്പുറപ്പിച്ചു. വേഗത്തില്‍ വന്ന ലോറിയുടെ ഡ്രൈവര്‍ കുഞ്ഞിനെ കണ്ട് വാഹനം നിര്‍ത്തി. പിന്നീട് നിരന്തരം ഹോണ്‍ മുഴക്കുകയായിരുന്നു. എതിരെ വന്ന മറ്റൊരു ലോറിയും റോഡിന് നടുവില്‍ തന്നെ നിര്‍ത്തി കുഞ്ഞിന് രക്ഷാകവചമൊരുക്കി. പിന്നീട് അതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍ കുഞ്ഞിനെ കണ്ട് ബൈക്ക് റോഡിന്റെ വശത്തേക്ക് മാറ്റിനിര്‍ത്തി.
അതിനുശേഷം ഓടി വന്ന് കുഞ്ഞിനെ എടുത്ത് സമീപത്തെ വീട്ടില്‍ ഏല്‍പ്പിച്ചു. പുറത്ത് ഇത്ര ബഹളം നടന്നതിന് ശേഷമാണ് അമ്മ വിവരമറിയുന്നത്. ഇതിനുപിന്നാലെ കുഞ്ഞിന്റെ അമ്മയും പാഞ്ഞെത്തി കുഞ്ഞിനെ വാരിപ്പുണരുന്നതും വീഡിയോയില്‍ കാണാം. നടന്നു തുടങ്ങിയ കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണിത്.