കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം നേവി ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടയില്‍ തന്നെയെന്ന നിഗമനത്തില്‍ പോലീസ്.
നേവിയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശോധന നടത്തിയ പോലീസ് പരിശീലനവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു.
നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കും ഉണ്ടകളുടെ കണക്കുമാണ് പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ഇന്‍സാസ് റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയെന്നാണ് പ്രാഥമിക നിഗമനം.
ഇത് സ്ഥിരീകരിക്കാന്‍ നിലവില്‍ കോടതിയില്‍ ഹാജരാക്കിയ വെടിയുണ്ട വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
അതേസമയം വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നേവി ഉദ്യോഗസ്ഥര്‍.
കേസില്‍ ആയുധ വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. നാവിക സേന ഇന്നലെ ഫയറിംഗ് പരിശീലനം നടത്തിയ സമയം അടക്കമാണ് പോലീസ് പരിശോധിച്ചു വരുന്നത്.
കടലില്‍ വെടിയേറ്റ മേഖലയിലും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. കരയില്‍ നിന്ന് തന്നെയാകാം വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം.
വെടിയുണ്ട അതിന് സഞ്ചരിക്കാവുന്ന ദൂരം പരമാവധി സഞ്ചരിച്ച് താഴെ വീഴുന്നതിന് തൊട്ടുമുമ്പാണ് സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതെന്നാണ് അനുമാനം.
വെടിയേല്‍ക്കുന്ന സമയം വള്ളം നേവിയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപമായിരുന്നുവെന്ന് അന്വേണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് അല്‍റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്‍(70) ന്റെ ചെവിക്ക് വെടിയേറ്റത്.
വലതു കാതിലാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനിടയാക്കിയ വെടിയുണ്ട ബോട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു.
കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. വള്ളത്തില്‍ 33 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു.