വേദാംഗി കുൽക്കർണി എന്ന ഇരുപതുകാരി സൈക്കിൾ ഒാടിച്ചുകയറിയത് ചരിത്രത്തിലേക്കാണ്. 159 ദിവസം കൊണ്ട് സൈക്കിളിൽ ലോകം ചുറ്റിയ സ്ത്രീയെന്നാവും ഈ പൂനക്കാരി ഇനി അറിയപ്പെടുക. 14 രാജ്യങ്ങളിലൂടെ 29,000 കിലോമീറ്ററാണ് വേദാംഗി സൈക്കിളിൽ സഞ്ചരിച്ചത്. ഏഷ്യയിൽനിന്ന് ഏറ്റവും കുറഞ്ഞ കാലയളവിൽ ലോകം ചുറ്റിയ വനിതയ്ക്കുള്ള റിക്കാർഡും വേദാംഗിക്കു സ്വന്തം.
ഒാസ്ട്രേലിയയിലെ പെർത്തിൽനിന്ന് ഈ വർഷം ജൂണിലാണ് വേദാംഗി സൈക്കിൾ ചവിട്ടിത്തുടങ്ങിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്ററാണ് സൈക്കിൾ യാത്ര.
ഏറ്റവും വേഗത്തിൽ സൈക്കിളിൽ ലോകം ചുറ്റിയ റിക്കാർഡ് ജെന്നി ഗ്രഹാം എന്ന ബ്രിട്ടീഷുകാരിയുടെ പേരിലാണ്. 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കിളിൽ ലോകം ചുറ്റിയത്. ചില രാജ്യങ്ങളിലെ വീസ പ്രശ്നങ്ങളെത്തുടർന്നാണ് തന്റെ യാത്ര വൈകിയതെന്നും ഏറ്റവും വേഗത്തിൽ ലോകം ചുറ്റുകയെന്ന റിക്കാർഡായിരുന്നു ലക്ഷ്യമെന്നും വേദാംഗി പറഞ്ഞു. ബ്രിട്ടനിലെ വേൺമൗത്ത് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയാണ് വേദാംഗി.
യാത്രയിൽ കൂടുതൽ സമയവും വേദാംഗി ഒറ്റയ്ക്കാണു സഞ്ചരിച്ചത്. ഇതിനിടെ സ്പെയിനിൽ വച്ച് വേദാംഗിയെ ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതും കാനഡയിൽ വച്ച് ഒരു കരടിയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതും റഷ്യയിൽ മഞ്ഞുകാലത്ത് ഒറ്റയ്ക്കു താമസിക്കേണ്ടിവന്നതും യാത്രക്കിടയിലെ മറക്കാനാവാത്ത സംഭവങ്ങളാണെന്നു വേദാംഗി പറഞ്ഞു.
ഒരു രാജ്യത്ത് പൂർണമായി സൈക്കിളിൽ സഞ്ചരിച്ച ശേഷം അടുത്ത രാജ്യത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യും. ഇന്ത്യയിൽ മാത്രം വേദാംഗി 4,000 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചു.