തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി ദന്പതികളെയും മകനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിലായി. വണ്ടമറ്റം നെടുമറ്റം ഭാഗത്ത് കിഴക്കേടത്ത് സുബീഷ്, ഭാര്യ കനിക, മകൻ ദേവദത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അക്രമിസംഘം ഇവരുടെ വീടിന്റെ പോർച്ചിൽ കിടന്ന കാറും അടിച്ചു തകർത്തു.
സംഭവത്തിൽ വണ്ടമറ്റം കൈറ്റിയാനിക്കൽ ആനന്ദ് കെ.അരുണ്‍ (21), സഹോദരൻ അക്ഷയ് അരുണ്‍ (22), കരിമണ്ണൂർ കുറുന്പാലമറ്റം കൂറ്റാംതടത്തിൽ അനന്ദു മോഹനൻ (27), ആനിമൂട്ടിൽ അജയ് സുരേഷ് (21) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തൊൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.
സുബീഷ് വാങ്ങിയ ടിപ്പർ ലോറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയത്. സംഭവദിവസം രാത്രിയോടെ പ്രതികൾ സംഘംചേർന്ന് എത്തിയതോടെ കനിക സുബിഷിനെ വീടിനുള്ളിൽ കയറ്റി കതകടയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർ കതക് തള്ളിത്തുറന്ന് അകത്തുകയറിയാണ് ആക്രമണം നടത്തിയത്. സുബീഷിന്റെ പുറത്ത് ജാക്കി ലിവർ കൊണ്ട് അടിക്കുകയും വീട്ടുമുറ്റത്തു കിടന്ന കാർ അടിച്ചു തകർക്കുകയും ചെയ്തു.
കതക് തള്ളിത്തുറക്കുന്നതിനിടെ ഭാര്യയും മകനും നിലത്തു തെറിച്ചുവീണു. ആക്രമണത്തിനുശേഷം സ്ഥലം വിട്ട പ്രതികളെ കാളിയാർ സിഐ എച്ച്.എൽ. ഹണിയുടെ നിർദേശ പ്രകാരം എസ്ഐമാരായ സാബു കെ. പീറ്റർ, സജി പി.ജോണ്‍, ഷംസുദ്ധീൻ, സീനിയർ സിപിഒമാരായ ജോബിൻ കുര്യൻ, ജോബിൻ ജോസഫ്, ദീക്ഷിത് എന്നിവർ ചേർന്ന് പിന്നീട് ഇവരുടെ വീടുകളിൽനിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.