തളിപ്പറമ്പ്: ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള മാളികവീടിന് സമീപത്തുള്ള മൂന്ന് വീട്ടുകാരെ സുരക്ഷാ കാരണങ്ങളാല്‍ മാറ്റി പാര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് നിര്‍മാണത്തിലിരിക്കുന്ന പടുകൂറ്റന്‍ മാളികവീട് തകര്‍ന്നുവീണത്. മുപ്പതടിയിലേറെ താഴ്ചയില്‍ വീട് മണ്ണിലേക്ക് താഴ്ന്നുപോയ നിലയിലാണ്. ഇതിന് തൊട്ടടുത്തുള്ള വീടാണ് വിള്ളലുകള്‍ വീണ് തകര്‍ച്ചയുടെ വക്കില്നില്ക്കുന്നത്.
തളിപ്പറമ്പിനടുത്ത് ആടിക്കുംപാറയില്‍ തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശികളും സഹോദരന്മാരുമായ മുരുകനും ശ്രീനിവാസനും നിര്‍മിച്ച വീടുകളാണിത്. ചിറവക്കില്‍ മുരുകന് സ്റ്റീല്‍സ് എന്ന പേരില്‍ മൊത്ത ആക്രിവ്യാപാരം നടത്തിവരികയാണ് ഇരുവരും. നാലായിരം ചതുരശ്രയടിയിലലേറെയാണ് ഇരുവീടുകളുടെയും വിസ്തീർണം. അടുത്തടുത്തായി നിര്‍മിച്ച വീടുകളുടെ 80 ശതമാനം പണികളും പൂര്‍ത്തിയായിരുന്നു.
ഒരുകോടിയിലേറെ രൂപ രണ്ടുവീടുകള്ക്കുമായി ഇതേവരെ ചെലവഴിച്ചുകഴിഞ്ഞതായാണ് പ്രാഥമിക കണക്കുകള്‍.
വിള്ളലുകള്‍ വീണതിനാല്‍ വീട് ഏത് സമയത്തും നിലംപൊത്തുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിര്‍മാണത്തിലെ അപാകതകളായിരിക്കാം വീട് തകര്‍ച്ചക്ക് കാരണമായതെന്ന് കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പില്‍ ആക്രിവ്യാപാരവുമായി എത്തിയ ഇരുവരും കോടിക്കണക്കിന് രൂപയുടെ ആസ്തികളുള്ളവരാണ്. എന്നാല്‍ ആറ് വര്‍ഷത്തിലേറെയായി നിര്‍മാണം തുടര്‍ന്നുവരുന്ന വീടുകളുടെ അടിഭാഗത്ത് നിരവധി രഹസ്യഅറകളില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചുവെച്ചതായി കാണുന്നുണ്ട്.
തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യാമ്പലത്തും ഇരുവര്‍ക്കും കൂറ്റന്‍ വീടുകളുണ്ട്.