തളിപ്പറന്പ്: ബാങ്കിൽനിന്ന് ലോണെടുത്ത് നിർമിച്ച വീടുകൾ തകർന്നതിന്റെ വിഷമത്തിലാണ് തമിഴ്നാട് തൂത്തുകുടി വേലുടുപ്പട്ടി സ്വദേശിയായ രാജാറാമും മക്കളും. 52 വർഷമായി കണ്ണൂരിലും തളിപ്പറന്പിലും നിരവധി കച്ചവടം ചെയ്തിരുന്നു രാജാറാമും മക്കളും. 1967ലാണ് രാജാറാം കണ്ണൂരിൽ വന്നത്. കണ്ണൂർ തെക്കിബസാറിൽ ആദ്യം തുണിക്കച്ചവടമായിരുന്നു. 1980 ൽ തളിപ്പറന്പിൽ ആക്രിസാധനങ്ങൾ ശേഖരിക്കുന്ന കച്ചവടം തുടങ്ങി.
കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്നവരുടെ കൈയിൽ നിന്നും വാങ്ങുകയും അവ വേർതിരിച്ച് പാലക്കാട്, ഗോവ, മൈസൂരു, ബംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുകയായിരുന്നു രാജറാം മക്കളും.
ഇതിനിടയിൽ തളിപ്പറന്പ് ആടിക്കുപാറയിൽ 21 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. മക്കളായ ശെൽവൻ, ശ്രീനിവാസൻ, ബാലസുബ്രഹ്മണ്യം എന്നിവരുടെ പേരിൽ വാങ്ങിയ സ്ഥലത്ത് രണ്ട് ഇരുനില വീടുകളും പണിയാൻ തുടങ്ങി. 2012ലാണ് വീടുപണി തുടങ്ങിയത്.
കൈയിലുണ്ടായിരുന്ന കുറച്ച് സന്പാദ്യവും ബാങ്കിൽനിന്ന് ലോണുമെടുത്താണ് വീട് നിർമാണം തുടങ്ങിയത്. 90 ശതമാനം വീടിന്റെ പണി പൂർത്തിയായപ്പോഴാണ് കഴിഞ്ഞ 29ന് ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗീകമായും തകർന്നത്. കേരള സ്കാർപ്പ് മർച്ചന്റ് അസോസിയേഷൻ തളിപ്പറന്പ് മേഖലാ പ്രസിഡന്റ് കൂടിയാണ് രാജാറാം.
വീട് തകർന്നതിനെക്കാൾ ഏറെ വിഷമിപ്പിച്ചത് മാധ്യമങ്ങളിൽ വന്ന വാർത്തയാണെന്ന് രാജാറാം പറയുന്നു. വീട് തകർന്ന് വീണപ്പോൾ മാധ്യമങ്ങളിൽ പയ്യാന്പലത്ത് ഇവർക്ക് രണ്ട് പടുകൂറ്റൻ മാളികയുണ്ടെന്നും വീടുകളുടെ അടിഭാഗത്ത് നിരവധി രഹസ്യ അറകൾ നിർമിച്ചിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാജാറാമും മക്കളും പറയുന്നു.
വീടിന്റെ അടിഭാഗത്ത് ആക്രിസാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗൺ ആണ് ഒരുക്കിയിരുന്നത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് വീട് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട് നിർമാണത്തിന് ചുക്കാൻപിടിച്ച എൻജിനിയർക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് രാജാറാമും മക്കളും. തളിപ്പറന്പ് വില്ലേജ് ഓഫീസർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. അർഹതപ്പെട്ട നഷ്ടപരിഹാരം നല്കണമെന്നാണ് രാജാറാമിന്റെയും മക്കളുടെയും ആവശ്യം.