ചാലക്കുടി: നഗരസഭയിലെ നൂറുകണക്കിനു കുടുംബങ്ങൾ നിലവിലുള്ള വീടുകൾ പൊളിച്ചതുംപുതുതായി നിർമാണം ആരംഭിച്ചതുമായ വീടുകൾക്ക് ധനസഹായം നൽകാൻ പണം ഇല്ലാത്തതിനാൽ ഗുണഭോക്താക്കൾ ആശങ്കയിലായി. നഗരസഭ വഴി നടപ്പാക്കുന്ന പിഎംഎവൈ ലൈഫ് ഭവന പദ്ധതിയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിഹിതം ലഭിക്കാത്തതിനാലും നഗരസഭ വിഹിതമായ പദ്ധതിതുക സർക്കാരിൽനിന്നും ലഭ്യമാകാത്തതിനാലും സ്തംഭിച്ചിരിക്കുന്നത്.
മഴക്കാലത്തിനു മുന്പ് നിലവിലുള്ള പഴയ വീടുകൾ പൊളിച്ചു മാറ്റി നിർമാണം ആരംഭിച്ച നൂറിലധികം കുടുംബങ്ങളാണ് പുതിയ വീടിന്റെ വിവിധ ഘട്ടങ്ങൾ നിർമാണം പൂർത്തിയാക്കി അപേക്ഷ നൽകിയിട്ടും പണമില്ലാത്ത കാരണം പറഞ്ഞ് ധനസഹായ വിതരണം സ്തംഭിച്ചിരിക്കുന്നത്.
കൂടാതെ, പുതുതായി തെരഞ്ഞെടുത്ത നിരവധി ഗുണഭോക്താക്കൾ ഭവന നിർമാണത്തിനുള്ള പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചു കഴിഞ്ഞിട്ടും ഇവർക്കും ആദ്യ ഗഡു ധനസഹായം വിതരണം ചെയ്യാനും കഴിഞ്ഞിട്ടില്ല. നേരത്തെ നഗരസഭ തന്നെ, അടിയന്തിരമായി നിർമാണ പ്രവർത്തനം പൂർത്തിയാക്കണമെന്നു ആവശ്യപ്പെട്ടതനുസരിച്ച് കടവും മറ്റുമായി പണം കണ്ടെത്തി നിർമാണം നടത്തിയവരാണ് ഇപ്പോൾ ആശങ്കയിലായത്.
ഒന്നര മാസത്തിലേറെയായി ധനസഹായ വിതരണം മുടങ്ങിയിട്ട്. സർക്കാരിൽനിന്നും തുക ലഭ്യമാകുന്നതിനനുസരിച്ച് ഗുണഭോക്താക്കൾക്ക് പണം നൽകാം എന്നാണ്, ദിവസേന ഓഫീസിലെത്തുന്ന ഗുണഭോക്താക്കളോട് നഗരസഭ അധികൃതർ പറയുന്നത്. വർഷക്കാലമായതോടെ താത്കാലിക ഷെഡുകളിലും മറ്റും മാറി താമസിക്കുന്ന കുടുംബങ്ങൾ പ്രയാസപ്പെടുകയാണ്.
ധനസഹായ വിതരണത്തിനു അടിയന്തര നടപടി വേണമെന്നും നഗരസഭയുടെ തനത് ഫണ്ട് തത്കാലം വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്നും ചാലക്കുടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.