മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പൊറോറയിൽ പാതി വഴിയിൽ കിടന്ന വീട് നിർമാണം പൂർത്തീകരിച്ച് നൽകുന്നു. സുലോചനയുടെ വീടാണ് സിപിഎം താഴെ പൊറോറ ബ്രാഞ്ച് കമ്മിറ്റി നാട്ടുകാരുടെ സഹായത്തോടെ പൂർത്തീകരിച്ച് നൽകുന്നത്.
പിഎംഎവൈ പ്രകാരം മട്ടന്നൂർ നഗരസഭയിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് വീട് നിർമാണം ആരംഭിച്ചത്. നാല് വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ കിടക്കുകയായിരുന്നു.
ചുമർ നിർമാണം പൂർത്തിയായ ശേഷം മുന്നോട്ടുള്ള പ്രവൃത്തി നടത്താൻ കഴിയാതെ പ്രവൃത്തി പാതിവഴിയിൽ കിടന്നു. ഇതിനിടെ കഴിഞ്ഞ പ്രളയത്തിൽ സുലോചനയും കുടുംബവും താമസിച്ചിരുന്ന ഓടുമേഞ്ഞ വീടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
പുതുക്കി പണിയാതെയിട്ടിരുന്ന വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഇവരെക്കുറിച്ച് അറിഞ്ഞ പാർട്ടി പ്രവർത്തകർ വീട് നിർമാണം ഏറ്റെടുത്ത് നടത്താൻ തീരുമാനിക്കുകയായിരുന്നു.
എം. മനോഹരൻ ചെയർമാനായും കെ.സജീവൻ കൺവീനറായും കമ്മിറ്റി രൂപീകരിച്ചാണ് നിർമാണ പ്രവൃത്തി നടത്തിയത്. വീടിന്റെ കോൺക്രീറ്റ് പ്രവൃത്തി നടത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നിർമാണം ഏറ്റെടുത്ത് നടത്തുന്നതെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.വി.ശശീന്ദ്രൻ അറിയിച്ചു.