പുതുക്കാട് : വരന്തരപ്പിള്ളി നന്തിപുലം നടത്തോടൻ വീട്ടിൽ വൃദ്ധരായ രാമുവും രണ്ടു സഹോദരിമാരുമാണ് പ്രളയത്തിൽ വീട് തകർന്നതോടെ തല ചായ്ക്കാൻ ഇടമില്ലാതെ അനാഥാലയത്തിൽ അഭയം തേടിയത്. സർക്കാരും ഉറ്റവരും കൈയ്യൊഴിഞ്ഞപ്പോൾ ഇവർക്കു മറ്റു വഴിയില്ലായിരുന്നു. രാമുവും (82), സഹോദരിമാരായ തങ്ക (79), അമ്മിണി (64) ഇവർ മൂന്നുപേരും അവിവാഹിതരാണ്.
പ്രായാധിക്യത്താലുള്ള അസുഖങ്ങളാൽ വലയുന്ന മൂവർക്കും പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓർമക്കുറവുള്ള രാമുവിനും സംസാരശേഷിയില്ലാത്ത അമ്മിണിക്കും ഏക തുണ അവശയായ തങ്കയാണ്. മൂന്നുപേരും ജനിച്ചുവളർന്ന ഓടിട്ട വീടാണ് പ്രളയത്തിൽ പൂർണമായും തകർന്നു വീണത്. കാലങ്ങളായി ഇവർ സ്വരുക്കൂട്ടിവച്ചതെല്ലാം പ്രളയം കവർന്നു.
ദുരിതാശ്വാസ ക്യാന്പുകളിൽ മാറിമാറി കഴിഞ്ഞിരുന്ന ഇവർ ക്യാന്പുകൾ പിരിച്ചുവിട്ടതോടെ അനാഥരാകുകയായിരുന്നു. പുനരധിവസിപ്പിക്കാൻ ബാധ്യസ്ഥരായ സർക്കാരും സംരക്ഷിക്കാൻ തയ്യാറാകാത്ത ബന്ധുക്കളും ഇവർക്കുനേരെ കണ്ണടച്ചപ്പോൾ സമീപത്തെ വായനശാല പ്രവർത്തകരാണു തുണയായത്.
നന്തിപുലം വില്ലേജ് ഓഫീസറുടെ സഹായത്തോടെ വായനശാല പ്രവർത്തകർ ഇവരെ രാമവർമപുരത്തുള്ള അഗതിമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. ഇനിയെന്ന് മടങ്ങിയെത്താൻ കഴിയുമെന്ന ആശങ്ക നിറഞ്ഞ മനസുമായാണ് ഇവർ അഗതിമന്ദിരത്തിലേക്ക് യാത്രതിരിച്ചത്.
സങ്കടങ്ങളും സന്തോഷവും പരസ്പരം പങ്കുവച്ച് ഒന്നിച്ചു തലചായ്ച്ച വീട് തകർന്നപ്പോൾ പോലും പതറാതിരുന്ന ഇവർ അഗതിമന്ദിരത്തിന്റെ പടി കടന്നപ്പോഴാണു വിതുന്പിയത്. പുതിയ വീട് നിർമിച്ച് ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണു നന്തിപുലം ഗ്രാമീണ വായനശാല പ്രവർത്തകർ.
തകർന്നുവീണ വീടിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുന്ന പ്രവർത്തനങ്ങളാണ് ഇവർ ആദ്യം ചെയ്തത്. ഇവർക്ക് വീട് നിർമിക്കാൻ സർക്കാർ സഹായം വൈകുന്ന സാഹചര്യത്തിൽ സുമനസുകളുടെ കാരുണ്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണു വായനശാല പ്രവർത്തകർ.