സ്വന്തം ലേഖകൻ
പുതുക്കാട്: ഇന്നലെവരെ കണ്ട വീട് ഇന്നില്ലെന്ന് വിശ്വസിക്കാനാവാതെ പകച്ചു നിൽക്കുകയാണ് എരിപ്പോട് രണ്ടു പേരുടെ മരണത്തിനിടയാക്കിയ വീടിനടുത്തുള്ളവർ. ഇന്നു പുലർച്ചെ എന്തോ ശബ്ദം കേട്ട് അയൽവാസികളിൽ ചിലരെല്ലാം പുറത്തിറങ്ങി നോക്കിയെങ്കിലും വീടു തകർന്നത് മനസിലായില്ല.
പിന്നീട് രാവിലെ ആറുമണിയോടെയാണ് ദുരന്തം അയൽവാസികൾ കാണുന്നത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇഷ്ടികകളും മരക്കഷ്ണങ്ങളും നിറഞ്ഞ ഒരു വലിയ കൂന മാത്രമാണ് വീടു നിന്നിരുന്ന സ്ഥലത്ത് കാണാനുള്ളത്. വീടിന്റെ ചുമരിന്റെ ഒരു ഭാഗം മാത്രമേ അവശേഷിക്കുന്നുള്ളു.
പട്ടികകളെല്ലാം ഒടിഞ്ഞുനുറുങ്ങി. ഓടും കല്ലും കുന്നുകൂടിക്കിടക്കുന്നു. അതിനടിയിൽ രണ്ടു ജീവനുകൾ മണിക്കൂറുകളോളം ആരോരുമറിയാതെ സഹായം തേടി കിടന്നിരുന്നു. വീടു തകരുന്നത് ആരെങ്കിലും അപ്പോൾതന്നെ കണ്ടിരുന്നുവെങ്കിൽ രണ്ടുപേരെയും രക്ഷപ്പെടുത്താമായിരുന്നു. എന്നാൽ ദുരന്തം അറിയാൻ വൈകിയപ്പോൾ നഷ്ടമായത് രണ്ടു ജീവനുകളാണ്.
കാലപ്പഴക്കം കൊണ്ട് ജീർണിച്ച ഈ വീട്ടിൽ നിന്ന് അയ്യപ്പന്റെ ഭാര്യ നേരത്തെ താമസം മാറിയിരുന്നു. മണ്ണിനടിയിൽ നിന്ന് അയ്യപ്പന്റെയും ബാബുവിന്റെ മൃതദേഹം കണ്ടെത്താൻ ഫയർഫോഴ്സിനും അൽപം ബുദ്ധിമുട്ടേണ്ടി വന്നു. ഇരുവരും ഉറങ്ങുന്പോൾ മേൽക്കൂരയടക്കം തകർന്ന് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
വീട് തകർന്നുവീണപ്പോൾ അയ്യപ്പനും ബാബുവിനും എഴുന്നേറ്റ് മാറാൻ സാധിച്ചിരിക്കില്ല. അപകടത്തെ തുടർന്നും ഇവർക്ക് എഴുന്നേൽക്കാനായില്ല. ശാരീരികമായി അവശനായിരുന്ന അയ്യപ്പന് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലുമായില്ല. മണ്കൂനകൾക്കും ഇഷ്ടികകൾക്കുമടിയിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്.