തിരുവനന്തപുരം: ചെങ്ങന്നൂർ തോൽവിയിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുഖപത്രം “വീക്ഷണം’. ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമർശനം. കോൺഗ്രസ് പാർട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിലാണുള്ളതെന്നും പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും “വീക്ഷണം’ തുറന്നടിച്ചു.
പാർട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നു പരിഹസിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ കീഴ്ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരു നേതാക്കൾക്കും താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നു പറയുന്ന “വീക്ഷണം’ പാർട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും പരിഹസിച്ചു. അണ്ടനും അടകോടനുംവരെ പാർട്ടിയിൽ നേതാക്കളാകുന്നുവെന്നും മുഖപ്രസംഗം നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളർത്തുന്ന രീതി ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.