തൃശൂർ: സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളും സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്ലി ആക്കി മാറ്റുമെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റീജണൽ തിയേറ്ററിൽ മൂന്നുദിവസമായി നടന്ന സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ (എസ്എപിസി) നാലാമത് ദേശീയ കോണ്‍ഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
പരിചരണം ആവശ്യമുള്ള രോഗികൾക്കായി ആൽഫ പാലിയേറ്റീവ് കെയർ നടത്തുന്ന പുനർജനി പദ്ധതിയും ലിങ്ക് സെന്ററുകളിലൂടെ പൊതുജനങ്ങളുടെ കൂട്ടായ്മകളുണ്ടാക്കി വെല്ലുവിളികളെ നേരിടുന്നതും മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു. എസ്എപിസി നാഷണൽ ബോർഡ് മെംബർമാരായ ഡോ. ഗീത ജോഷി, ഡോ. സുഖ്ദേവ് നായക്, ഡോ. പിയൂഷ് ഗുപ്ത എന്നിവരെ സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു.
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ എസ്എപിസി ക്ലബുകളുണ്ടാക്കാൻ നിർദേശിക്കുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ പറഞ്ഞു.പാലിയേറ്റീവ് സേവനം ലഭിക്കുന്ന രോഗികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പൂർണ എ - പ്ലസ് നേടിയവർക്കുള്ള സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.
കമ്യൂണിറ്റി പാലിയേറ്റീവ് കെയർ രംഗത്തെ സേവനങ്ങൾക്കുള്ള അവാർഡുകൾ ആൽഫ പാലിയേറ്റീവ് കെയർ സിപിഒ സുരേഷ് ശ്രീധരൻ, മതിലകം സെന്ററിലെ നഴ്സിംഗ് സൂപ്പർവൈസർ വി.എസ്. ഷീജ, എടമുട്ടം ഹോസ്പിസിലെ നഴ്സിംഗ് സൂപ്പർവൈസർ ബേബി രാജൻ എന്നിവരും ഏറ്റുവാങ്ങി. ഡോ. രവി കണ്ണൻ, ഡോ. ജോസ് ബാബു, പ്രഫ. സോണി പീറ്റർ, തോമസ് തോലത്ത് എന്നിവർ പ്രസംഗിച്ചു.