ഒരു ചൈനക്കാരൻ കഴിഞ്ഞ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ. ഊണും ഉറക്കവും വിശ്രമവുമെല്ലാം അവിടെത്തന്നെ.
ചൈനയിലെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ടിലാണ് വെയ് ജിയാങ്കുവോയുടെ താമസം.
എയർപോർട്ട് താവളമാക്കിയതിന്റെ രഹസ്യമാണ് അതിലേറെ രസകരം. വലിക്കാനും കുടിക്കാനും ഇവിടെ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്നതാണ് ജിയാങ്കുവോയുടെ വാദം.
ഇപ്പോൾ അറുപതു വയസുള്ള ജിയാങ്കുവോ 2008ൽ കയറിക്കൂടിയതാണ് വിമാനത്താവളത്തിൽ.
പിന്നെ വീട്ടിലേക്കു പോയത് ഒരു തവണയാണ്. അത് സ്വന്തമായി ഇഷ്ടപ്പെട്ടു പോയതല്ല, വിമാനത്താവളത്തിൽ പിടിവീണപ്പോൾ പോകേണ്ടി വന്നതാണ്.
എന്നാൽ, പൂച്ചയെ കാട്ടിൽ കൊണ്ടു വിടുന്നതുപോലെ ദിവസങ്ങൾക്കം ആളു വീണ്ടും വിമാനത്താവളത്തിലെത്തി.
ടെർമിനൽ-2നുള്ളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇദ്ദേഹത്തിന്റെ താമസം.
ചൈന ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ജിയാങ്കുവോ വിമാനത്താവള ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
40 വയസുള്ളപ്പോൾ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്.
മദ്യപാനവും പുകവലിയും നിർബന്ധമായ ഇയാൾ വീട്ടിൽനിന്നു പുറത്താകാനും കാരണം അതു തന്നെ.
വീട്ടിൽ മദ്യപാനവും പുകവലിയും പാടില്ലെന്നു വീട്ടുകാർ ശഠിച്ചതോടെയാണ് ജിയാങ്കുവോ വീടുവിട്ടത്.
വിമാനത്താവളത്തിലെ ദിനചര്യകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. രാവിലെ അടുത്തുള്ള മാർക്കറ്റ് സന്ദർശിക്കും.
രാവിലെയും ഉച്ചയ്ക്കും കഴിക്കാനുള്ള ഭക്ഷണം സംഘടിപ്പിക്കും. ചൈനീസ് മദ്യമായ ബെയ്ജുവും ഒരു കുപ്പി വാങ്ങും.
തനിക്കു നാട്ടിലേക്കു മടങ്ങാൻ കഴിയില്ല, കാരണം അവിടെ സ്വാതന്ത്ര്യമില്ല. മദ്യവും പുകവലിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ എല്ലാ മാസവും സർക്കാർ അലവൻസായ 1000യുവാൻ (150 ഡോളർ) അവർക്കു നൽകണം.
അത് അവർക്കു നൽകിയാൽ പിന്നെ ഞാൻ എങ്ങനെ ഇതൊക്കെ വാങ്ങും? പകലിന്റെ സമയം പലപ്പോഴും തനിക്കു തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ചുറ്റും യാത്രക്കാർ ഇരന്പി നീങ്ങുന്നത് ഇപ്പോൾ ഒരു അസ്വസ്ഥതയായി തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.
2017ൽ ക്രിസ്മസിനു തൊട്ടുമുന്പാണ് എയർപോർട്ട് അധികൃതർ ഇങ്ങനെ അനധികൃതമായി വിമാനത്താവളത്തിൽ തങ്ങുന്ന അതിഥിയെ കണ്ടെത്തി വീട്ടിലേക്കു തിരിച്ചയ്ക്കാൻ തീരുമാനിച്ചത്.
പോലീസ് അദ്ദേഹത്തെ 20 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് കൊണ്ടാക്കുകയും ചെയ്തു.
എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജിയാങ്കുവോ വീണ്ടും വിമാനത്താവളത്തിൽ തിരിച്ചെത്തി. ഇപ്പോൾ അധികൃതരും ഈ അനധികൃത അതിഥിക്കു നേരേ കണ്ണടച്ചിരിക്കുകയാണ്.