തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയുള്ള മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും സംരക്ഷണമൊരുക്കാൻ സിപിഎം നേതൃത്വം. പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ചയ്ക്ക് വരില്ല. വീണയെ പ്രോസിക്യൂട്ട് ചെയ്യാനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മധുരയിലെ പാർട്ടി കോൺഗ്രസ് വേദിയിൽ ആരോപിച്ചു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ എസ്എഫ്ഐയുടെ നീക്കം തിടുക്കപ്പെട്ടതും രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമാണ്. മുഖ്യമന്ത്രിയെയും മകളെയും അപമാനിക്കാനും പാർട്ടിയെ താറടിയ്ക്കാനുമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഇതിനെ എല്ലാ തലത്തിലും പാർട്ടി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സിഎംആർഎല്ലിൽനിന്നും സഹോദരസ്ഥാപനമായ എംപവർ ഇന്ത്യ എന്ന കമ്പനിയിൽനിന്നും എക്സാലോജിക്കും വീണയും സേവനം ഒന്നും നൽകാതെ അനധികൃതമായി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു കണ്ടെത്തൽ. 2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോൾ ക്രമക്കേട് കണ്ടെത്തുന്നതും കുറ്റപത്രം സമർപ്പിച്ചതും. ആറു മാസം മുതൽ 10 വർഷം വരെ തടവും ക്രമക്കേട് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടി വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, രണ്ട് കന്പനികൾ തമ്മിലുള്ള കരാറാണിതെന്നും സർക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ട യാതൊന്നും ചെയ്തിട്ടില്ലെന്നുമാണു സിപിഎം നിലപാട്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് എസ്എഫ്ഐഒ വീണയ്ക്കെതിരെ നീങ്ങുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
വീണയ്ക്കെതിരെയുള്ള കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ളതാണെന്നും ഇതിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും സിപിഎം പിബി അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പരിച്ഛേദമാണ് കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും. സിപിഎമ്മിന് യാതൊരു പരിഭ്രമവുമില്ല. പിണറായി സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. ഈ കടന്നാക്രമണത്തെ പാർട്ടി ജനങ്ങളെ അണിനിരത്തി നേരിടും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് കോൺഗ്രസിന്റെ അപക്വമായ നടപടിയാണെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം. പാർട്ടി കോൺഗ്രസിന്റെ പൊലിമ കുറയ്ക്കാനുള്ള ശ്രമം മാത്രമാണിതെന്നും ധനമന്ത്രി പറഞ്ഞു.വീണയ്ക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.കെ. ഷൈലജയും വ്യക്തമാക്കി. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വേദിയിലാണ് നേതാക്കൾ വീണയെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കുന്ന നിലപാടു വ്യക്തമാക്കിയത്.
അതേസമയം പ്രതികൾക്കെതിരെ സമൻസ് അയയ്ക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് എസ്എഫ്ഐഒ. വീണ ഉൾപ്പെടെയുള്ളവർക്ക് ഉടൻ തന്നെ എസ്എഫ്ഐഒ സമൻസ് അയയ്ക്കും. അതേസമയം വീണയടക്കമുള്ള പ്രതികൾ കുറ്റപത്രം റദ്ദാക്കാൻ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ എസ്എഫ്ഐഒ തിടുക്കപ്പെട്ട് അറസ്റ്റിന് മുതിരുമോയെന്നു കണ്ടറിയണം. എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കന്പനികാര്യ മന്ത്രാലയമാണു മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്.