പത്തനംതിട്ട: എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് – എമ്മിന് ജില്ലയില്‍ ഒരു സീറ്റ് വേണമെന്നാവശ്യത്തില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം. യുഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടി മത്സരിച്ചുവന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്.
ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാന്‍ അവര്‍ തയാറാകില്ല. ഇക്കാരണത്താല്‍ മറ്റൊരു സീറ്റ് എന്നാവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. അവശേഷിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണം സിപിഎം സിറ്റിംഗ് സീറ്റുകളാണ്.
അടൂര്‍ സംവരണ മണ്ഡലം സിപിഐയുടെ സീറ്റുമാണ്. സിപിഎമ്മി ന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.റാന്നി മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് എം. എന്നാല്‍ റാന്നിയില്‍ ജയസാധ്യത ഘടകമാക്കി രാജു ഏബ്രഹാമിനെ ആറാം അങ്കത്തിന് ഇറക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം.
രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും രാജു ഏബ്രഹാമിന് ഇളവ് നല്‍കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.പകരം മറ്റൊരു പേര് സിപിഎം റാന്നിയില്‍ നിര്‍ദേശിച്ചിട്ടുമില്ല. രാജു മത്സരിക്കുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റു പോകുമെന്നുറപ്പായിട്ടുണ്ട്.
പക്ഷേ ഇതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് രാജുവിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടക്കുന്നത്. റാന്നിയില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുകയാണെങ്കില്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവാകും സ്ഥാനാര്‍ഥിയാകുക.
വീണാ ജോര്‍ജ് മത്സരിക്കുമോ ?
ആറന്മുള മണ്ഡലത്തിലെ സാധ്യത കേരള കോണ്‍ഗ്രസ് തേടുമ്പോഴാണ് വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ച സജീവമായത്. സിറ്റിംഗ് എംഎല്‍എ വീണാ ജോര്‍ജിന്റെ രണ്ടാം ഊഴമാണ്. എന്നാല്‍ മത്സരിക്കേണ്ടതില്ലെന്ന സമ്മര്‍ദം രാഷ്ട്രീയത്തിനതീതമായ ഘടകങ്ങളില്‍ നിന്ന് വീണയ്ക്കുമേല് ഉള്ളതായി പറയുന്നു.
എന്നാല്‍ വീണ മത്സരിക്കണമെന്നാവശ്യമാണ് സിപിഎം ഘടകങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. വ്യക്തിപരമായ അഭിപ്രായം വീണാ ജോര്‍ജ് ഇക്കാര്യത്തില്‍ അറിയിച്ചിട്ടില്ലെന്നാണ് സൂചന. 2016 ല്‍ അപ്രതീക്ഷിതമായാണ് വീണാ ജോര്‍ജ് ആറന്മുളയില് സ്ഥാനാര്‍ഥിയായത്.
സിപിഎം സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു സ്ഥാനാര്‍ഥിത്വം. മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് സിപിഎമ്മില്‍ സജീവമായിരുന്നില്ല. പാര്‍ട്ടി ചിഹ്്നത്തില്‍ തന്നെ മത്സരിച്ച വീണാ ജോര്‍ജിന് അന്നു പ്രധാന പിന്തുണ ഓര്‍ത്തഡോക്സ് സഭയുടേതായിരുന്നു.
സഭാ സെക്രട്ടറിയായിരുന്ന ജോര്‍ജ് ജോസഫാണ് വീണയുടെ ഭര്‍ത്താവ്. ഇതോടൊപ്പം പിണറായി വിജയനടക്കം സിപിഎം നേതാക്കളുമായി മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ വീണാ ജോര്‍ജ് പുലര്‍ത്തി വന്ന ബന്ധവും പ്രധാന ഘടകമായി. ഇത്തവണ വീണാ ജോര്‍ജിന് മണ്ഡലത്തില്‍ ജയസാധ്യത സിപിഎം കാണുന്നുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി പരാജയപ്പെട്ട സാഹചര്യം അടക്കം വിലയിരുത്തിയാണ് അടുത്ത സ്ഥാനാര്‍ഥിത്വമെന്ന നിലപാടിലാണ് വീണാ ജോര്‍ജെന്നു പറയുന്നു.വീണാ ജോര്‍ജ് പിന്മാറുന്ന ഘട്ടമെത്തിയാല്‍ റാന്നിക്കു പകരം ആറന്മുളയിലേക്ക് കേരള കോണ്‍ഗ്രസ് എം കണ്ണുനട്ടിട്ടുണ്ട്.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മുമ്പ് മത്സരിച്ചിരുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ള പിന്തുണ ആറന്മുളയിലെ സ്ഥാനാര്‍ഥിത്വത്തിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവിനെ കൂടാതെ സംസ്ഥാന കമ്മിറ്റിയംഗം പി.കെ.ജേക്കബിന്റെ പേരും ആറന്മുളയിലേക്കു പരിഗണിക്കപ്പെടും.