അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് ഇന്നലെ രാവിലെ മിന്നൽ സന്ദർശനം നടത്തിയത്.
ഔദ്യോഗിക വാഹനം ഒഴിവാ ക്കി എച്ച്. സലാം എംഎൽഎയുടെ വാഹനത്തിൽ എത്തിയ മന്ത്രി കാർഡിയോളജി ഒപിയിലാണ് ആദ്യമെത്തിയത്.
തുടർന്ന് സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗം ഒപി കളും, ലേബർ റൂം, ഗൈനക്കോളജി ഒപി കളും വാർഡുകളും സന്ദർശിച്ചു.
മന്ത്രിയെത്തിയ വിവരമറിഞ്ഞ് ആശുപത്രി ജീവനക്കാരും നഴ്സുമാരും സമീപമെത്തിയെങ്കിലും അവരോട് ജോലിയിൽ തുടരാൻ മന്ത്രി നിർദേശിച്ചു.
ഈ സമയം ചില രോഗികളും കൂട്ടിരിപ്പു കാരുമെത്തി പരാതികൾ അറിയിച്ചു. ഡോക്ടർമാർ കുറിച്ചു നൽകുന്നവയിൽ ചില മരുന്നുകൾ ഫാർമസിയിൽനിന്ന് ലഭിക്കുന്നില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണെന്നുമായിരുന്നു പരാതിയിൽ അധികവും.
മരുന്നുകൾ എഴുതി നൽകിയ ചീട്ടുകൾ മന്ത്രി മൊബൈൽ ഫോണിൽ പകർത്തി. സർക്കാർ നിർദേശിച്ച മരുന്നുകളാണോ ഡോക്ടർമാർ കുറിച്ചു നൽകുന്നതെന്ന് പരിശോധിക്കാമെന്നും മറ്റു കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലും പരിസരത്തും പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും എയ്ഡ് പോസ്റ്റിലേക്ക് ആവശ്യമായ പോലീസുകാരെ ലഭ്യമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകാമെന്നും മന്ത്രി അറിയിച്ചു.
ഡ്യൂട്ടിയിൽ എത്തിയ ഡോക്ടർമാരുടെയും ഡ്യൂട്ടിയുണ്ടായിട്ടും എത്താതിരുന്ന ഡോക്ടർമാരുടെയും വിവരങ്ങൾ രേഖാമൂലം ലഭ്യമാക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു.
എച്ച്. സലാം എംഎൽഎ യ്ക്കു പുറമേ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാമും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.