കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കുവൈറ്റിലേക്കു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചതിനെ വിമര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്. കേരളത്തോട് ഇതു വേണ്ടായിരുന്നെന്നും വിമാനടിക്കറ്റ് ഉള്‍പ്പെടെ വച്ചാണ് അപേക്ഷ നല്‍കിയിരുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 9.40നുള്ള വിമാനത്തില്‍ പോകാന്‍ നെടുമ്പാശേരിയില്‍ എത്തിയെങ്കിലും യാത്രയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഒന്‍പതരയോടെ മന്ത്രി ഗസ്റ്റ് ഹൗസിലേക്കു മടങ്ങുകയായിരുന്നു.
കുവൈറ്റിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ കേരളത്തില്‍നിന്നുള്ളവരാണ് ഏറ്റവുമധികം മരിച്ചത്. ഇന്ത്യക്കാരില്‍ പകുതിയിലേറെയും മരണപ്പെട്ടതു മലയാളികളാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നമ്മുടെ ആളുകളാണ്.
അവര്‍ക്കൊപ്പം നില്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമാണു പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യമായിട്ടല്ലല്ലോ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്.
കണ്ണീരിന്റെ മുഖത്ത്, ദുഃഖത്തില്‍ ഇടപെടുന്നതിനാണു സംസ്ഥാനം പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഒരു ദുരന്തത്തില്‍ കേരളത്തോട് ഇതു വേണ്ടായിരുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.