പത്തനംതിട്ട: പമ്പയുടെ തീരത്ത് ഇടിഞ്ഞ വീടുകൾ അപകടാവസ്ഥയിലായ മരുതൂർ കടവിൽ ഭിത്തി നിർമാണത്തിനായി അടിയന്തര നടപടി ആവശ്യപ്പെടുമെന്നു വീണാ ജോർജ് എംഎൽഎ. മരുതൂർ കടവിലെ അപകടഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ചു. എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച് മേജർ ഇറിഗേഷൻ വകുപ്പ് തീര സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തു.
അസിസ്റ്റന്റ് എൻജിനീയർ മായയുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്. ദുരന്തനിവാരണ വകുപ്പിൽനിന്ന് സഹായം ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ കളക്ടറോടും എംഎൽഎ ആവശ്യപ്പെട്ടു. ഏകദേശം 100 മീറ്റർ നീളത്തിലാണ് തീരമിടിഞ്ഞു വീണ് വീടുകൾക്ക് നിലനിൽപ്പ് ഭീഷണിയിലായിരിക്കുന്നത്.
എത്രയും വേഗം എസ്റ്റിമേറ്റ് ലഭ്യമാക്കമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. മന്ത്രിക്ക് നേരിട്ട് ഇതു നൽകി അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം റോയി, എഇ മായ, ഓവർസിയർ ബിന്ദു, പ്രദേശവാസികൾ തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.