തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം മുൻനിർത്തി നിയമസഭയിൽ അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകി. മുൻ നിലപാടിലുറച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്.
മറ്റ് സംസ്ഥാനങ്ങളിലെ കണക്കുനിരത്തി ആരോഗ്യമന്ത്രി മറുപടി നൽകി. ആശാ പ്രവർത്തകർക്ക് 13,000 രൂപ കേരള സർക്കാർ ഓണറേറിയം നൽകുന്നുണ്ടെന്ന് ആവർത്തിച്ച് മന്ത്രി മറുപടി പറഞ്ഞു. ആശമാരുമായി വിശദമായ ചർച്ച നടത്തി. കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള 100 കോടി രൂപ ലഭിച്ചിട്ടില്ലെന്നും നേരത്തെ ചർച്ച ചെയ്ത് മറുപടി പറഞ്ഞ വിഷയമാണെന്നും അടിയന്തര പ്രമേയമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞ കണക്കുകൾ വിവിധ കാലഘട്ടത്തിലേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. കർണാടകത്തിൽ കോണ്‍ഗ്രസ് സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ ഭരണപക്ഷം ബഹളംവച്ച് തടസപ്പെടുത്തി. എത്ര ബഹളം ഉണ്ടാക്കിയാലും പറയാനുള്ളത് പറഞ്ഞിട്ടേ പോകുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, ആശാവർക്കർമാരുടെ സമരത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറയുന്നവർ കൊലയാളികൾക്കുവേണ്ടി പിരിവ് നടത്തിയവർ ആണ്.
മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാൻ തയ്യാറായോ? ഓഫീസ് ടൈമിൽ വോട്ട് ചോദിച്ചാണോ ഈ സഭയിൽ എല്ലാവരും ജയിച്ചെത്തിയത്. ആരോഗ്യമന്ത്രി പറഞ്ഞത് സമരക്കാരോട് ഓഫീസ് ടൈമിൽ വരാനാണ്. അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
എസ്യുസിഐയുടെ നാവായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാറിയത് കേരളത്തിന്റെ ഗതികേടാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സ്കീം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത് യുഡിഎഫാണ്.
വീണ്ടും യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്നിരുന്നു. തൊഴില്‍ നിയമത്തില്‍ ആശമാരെ കൊണ്ടുവരണമെന്ന് അവര്‍ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്നും മന്ത്രി ചോദിച്ചു. ആശാന്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കാനും അറിയാം.
അതുകൊണ്ടുതന്നെയാണ് ഓണറേറിയം 7000 രൂപയാക്കി വര്‍ധിപ്പിച്ചത്. അത് ഇനിയും വര്‍ധിപ്പിക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.