പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നതിന് വീണാ ജോർജ് നാമനിർദേശ പത്രിക നൽകി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് വീണാ ജോർജ് ജില്ലാ കളക്ടർ പി.ബി. നൂഹ് മുന്‍പാകെ പത്രിക നൽകിയത്.രണ്ട് സെറ്റ് പത്രികയാണ് നല്‍കിയത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി.
കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്കി. മാത്യു ടി. തോമസ് എംഎല്‍എ, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ഫണ്ട് ബോര്‍ഡ് ചെയര്മാന് കെ. അനന്തഗോപന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു. സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വീണാ കുര്യാക്കോസ് എന്ന പേരിലാണ് പത്രിക നൽകിയിരിക്കുന്നത്. വീണാ ജോർജ് എന്ന പേര് ബാലറ്റ് പേപ്പറിൽ ലഭിക്കുന്നതിനുവേണ്ടി പ്രത്യേക അപേക്ഷ നൽകിയതായി ഒപ്പമുണ്ടായിരുന്ന നോട്ടറി ജയൻ മാത്യു അറിയിച്ചു.
വീണയുടെ സന്പാദ്യം 5.91 ലക്ഷം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥനാർഥി വീണാ ജോർജിന്റെ പേരിൽ 5,91,373.55 രൂപയുടെ ബാങ്ക് നിക്ഷേപവും സ്വർണവും ഉണ്ട്. ഭർത്താവിന്റെ പേരിൽ 34,18,363.47 രൂപയുടെ നിക്ഷേപവും സ്വർണവുമുണ്ട്. ഇന്നലെ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്പോൾ വീണയുടെ കൈവശം 5500 രൂപയും ഭർത്താവിന്റെ കൈവശം 15000 രൂപയുമാണുള്ളത്.
ഭർത്താവിന്റെ പേരിലുള്ള വസ്തുവകകളുടെ മൂല്യം 1,58,64,940 രൂപയുടേതാണ്. 66,43,517 രൂപയുടെ ബാധ്യതയും ഇവർക്കുണ്ട്. വീടും ഏഴുലക്ഷം രൂപ വിലയുള്ള കാറും ഭർത്താവിന്റെ ഉടമസ്ഥതയിലാണ്.128 ഗ്രാം സ്വർണമാണ് വീണാ ജോർജിനുള്ളത്. 3,75,000 രൂപ വിലമതിക്കുന്നു. ഭർത്താവിന് 40 ഗ്രാം സ്വർണവും മക്കൾക്ക് 104 ഗ്രാം സ്വർണവുമുണ്ട്. 1,05,500 രൂപ 2017 – 18ൽ വീണാ ജോർജ് വരുമാനനികുതി അടച്ചിട്ടുണ്ട്.
2016 ൽ നൽകിയിരുന്നത് 6.97 ലക്ഷം
2016ൽ നിയമസഭാംഗമായി മത്സരിക്കാൻ വീണാ ജോർജ് നാമനിർദേശ പത്രിക നൽകുന്പോൾ 120 ഗ്രാം സ്വർണം കൈവശമുള്ളതായി സത്യവാങ്മൂലം നൽകിയിരുന്നു. ഭർത്താവിന് 40 ഗ്രാം സ്വർണമാണ് അന്നും ഉണ്ടായിരുന്നത്. മക്കളുടേതായി 24 ഗ്രാമാണ് സത്യവാങ്മൂലത്തിൽ അന്നുള്ളത്. സ്വർണം, നിക്ഷേപം ഉൾപ്പെടെ അന്ന് രേഖപ്പെടുത്തിയിരുന്നത് 6,97,763.69 രൂപയുടെ സ്വത്തുക്കളാണ്. ഭർത്താവിന്റെ പേരിൽ 37,54,179 രൂപയുടെ സ്വത്തുക്കളും രേഖപ്പെടുത്തിയിരുന്നു.
കൂടാതെ ഭർത്താവിന്റെ പേരിൽ 58,16,458 രൂപയുടെ ഭൂമിയും 59 ലക്ഷം രൂപയുടെ കെട്ടിടവും രേഖപ്പെടുത്തിയിരുന്നു. 58,91,545 രൂപയുടെ ബാധ്യതയും പറഞ്ഞിരുന്നു.