തിരുവനന്തപുരം: നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു.
ഇന്ന് രാവിലെയാണ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തിയത്. ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി സംസാരിച്ചു.
മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു.
ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞു. ന്യുമോണിയ ബാധയെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.