പത്തനംതിട്ട: ആദ്യ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങുമ്പോള്‍ മക്കള്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകിയെത്തുന്ന അമ്മയുടെ സാമീപ്യം അവര്‍ക്കു കിട്ടാതായതിന്റെ പ്രയാസം.
അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി. അമ്മയുടെ തിരക്കിനോടു മക്കളും ഇഴകിച്ചേര്‍ന്നു.
ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് കൊടുമണ്‍ അങ്ങാടിക്കല്‍ വയലോരത്ത് വീട്ടില്‍ നിന്നാണ് എല്ലാദിവസവും രാവിലെ പ്രചാരണം തുടങ്ങുന്നത്.
പ്രചാരണത്തിലെ ഓരോ ഘട്ടത്തിലും ഭര്‍ത്താവും മക്കളും ഉപദേശകരാകും. പ്രചാരണരംഗത്തും മുഴുവന്‍ സമയവും അവരുടെ പിന്തുണയുമുണ്ട്.
2016ല്‍ കന്നി അങ്കത്തെ നേരിടുമ്പോള്‍ വീണയ്ക്ക് ഊര്‍ജം പകര്‍ന്നത് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫിന്റെ പിന്തുണയായിരുന്നു.
അധ്യാപകനായിരുന്ന ജോര്‍ജ് ജോസഫ് അന്ന് ഓര്‍ത്തഡോക്സ് സഭയുടെ അസോസിയേഷന് സെക്രട്ടറി കൂടിയായിരുന്നു.
വീണാ ജോര്‍ജിന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കേണ്ടി വന്നപ്പോള്‍ എംഎല്‍എ പണിക്കൊപ്പം തെരഞ്ഞെടുപ്പു പോരാട്ടങ്ങളും കൂടെപ്പിറപ്പായി.
പഠനകാര്യങ്ങള്‍ക്ക് അവധി നല്‍കിയാണ് പത്തിലും ആറിലും പഠിക്കുന്ന മക്കളായ അന്നയും ജോസഫും അമ്മയുടെ പ്രചാരണത്തിന് ഊര്‍ജം പകരുന്നത്.
രാവിലെ സ്ഥാനാര്‍ഥിയെ വിളിച്ചുണര്‍ത്തുന്നത് മക്കളാണ്. 6.30ന് പ്രചാരണത്തിനായി ഇറങ്ങുന്നതിനു മുമ്പായി വീട്ടിലെ ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കണം. മക്കള്‍ ഇക്കാര്യത്തില്‍ സഹായികളാകും. അവരുടെ മെനുവാണ് നടപ്പാക്കുന്നത്.
ഭര്‍ത്താവ് പതിവുപോലെ കൃഷികാര്യങ്ങള്‍ ശ്രദ്ധിച്ചതിനുശേഷമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത്.
കൃഷിയോടൊപ്പം വളര്‍ത്തു മൃഗപരിപാലനവും ഉണ്ട്. അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നപ്പോഴും എംഎല്‍എ വീട്ടുകാര്യങ്ങളിലും ഭര്
ത്താവിനൊപ്പ കൃഷി, മൃഗപരിപാലനം ഇവയില്‍ ജാഗ്രതക്കുറവ് കാട്ടിയിട്ടില്ല. മഹാപ്രളയം, കോവിഡ് തുടങ്ങി സമാനതകളിലാത്ത തിരക്കുകളുടെ ലോകത്ത് ആറന്മുള മണ്ഡലം വീണാ ജോര്‍ജിന്റെ കുടുംബം പോലെയായി.
ഒരു ഡയറിപോലും എഴുതാതെ മണ്ഡലത്തിലെ ഓരോ കാര്യത്തിലും കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന വിശ്വാസമാണ് ഭര്‍ത്താവ് ജോര്‍ജ് ജോസഫിനുള്ളത് കൂടുതല്‍ ആളുകളുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായി. മണ്ഡലത്തിലെ മുക്കുമൂലയും ഇന്നു വീണയ്ക്കു പരിചിതമാണ്.
പ്രചാരണത്തിന് മിക്കദിവസങ്ങളിലും ജോര്‍ജ് ജോസഫ് ഒപ്പമുണ്ടാകും. കൂടാതെ മണ്ഡലത്തിലെ പ്രധാന ആളുകളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.