“ഞാൻ ജനിച്ച വർഷമാണ് ആകാശഗംഗ റിലീസായത്. എനിക്കിപ്പോൾ ഇരുപതു കഴിഞ്ഞു. അത്രയും ഇടവേളയുണ്ട് ആ സിനിമയും ഞാനും തമ്മിൽ. സ്കൂൾ ടൈമിൽ എപ്പോഴോ ആകാശഗംഗ കണ്ടതായി ഓർക്കുന്നു. എന്നെ പേടിപ്പിച്ച ഒരു സിനിമയാണത്. ആകാശഗംഗ ഇറങ്ങിയ കാലത്തുനിന്ന് ടെക്നോളജി ഏറെ മുന്നോട്ടു പോയി. ഇപ്പോൾ പാർട്ട് 2 വരുന്പോൾ കൂടുതൽ പേടിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്. ഇതിൽ ഒറ്റ പ്രേതമല്ല, രണ്ടു മൂന്നു പ്രേതങ്ങളുണ്ട്. നമ്മുടെ പ്രതീക്ഷകൾക്കുമപ്പുറമുള്ള കഥാമൂഹൂർത്തങ്ങളുണ്ട്. പ്രേതകഥ മാത്രമല്ല ആകാശഗംഗ 2. ഹ്യൂമറുള്ള സിനിമയാണ്. യൂത്തിനെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ്. ഒപ്പം, ഇതൊരു ഫാമിലി മൂവിയുമാണ്…”
വിനയൻ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച ആകാശഗംഗ 2 ലെ നായിക മുംബൈ മലയാളി വീണ നായർ സംസാരിക്കുന്നു.
ആകാശഗംഗ 2 ലെ നായികയായത്..?
പ്രേതകഥകൾ കേൾക്കാൻ പണ്ടേ താത്പര്യമായിരുന്നു. ആകാശഗംഗ ഉൾപ്പെടെയുള്ള ഹൊറർ സിനിമകളും ഇഷ്ടം. മണിചിത്രത്താഴിലെ ശോഭനചേച്ചിയുടെ സീൻ ഡബ്സ്മാഷ് ചെയ്തിരുന്നു. ടിക് ടോക് വീഡിയോകൾ ചെയ്യുമായിരുന്നു. സിനിമാറ്റിക് ഡാൻസ് കളിച്ചിരുന്നു. എന്റെ അത്തരം ഇഷ്ടങ്ങൾക്കൊപ്പം നിന്ന എന്റെ അധ്യാപകൻ റോയ് സാറാണ് എന്റെ സമ്മതത്തോടെ ആകാശഗംഗ 2 ന്റെ ഓഡിഷന് എന്റെ ഫോട്ടോസ് അയച്ചുകൊടുത്തത്.
ന്യൂജനറേഷനിൽ കുറേ കുട്ടികൾ ടിക് ടോക് ചെയ്യുന്നുണ്ടല്ലോ. അതിനാൽ കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പക്ഷേ, വിനയൻ സാറിന് ഇഷ്ടപ്പെട്ടുവെന്ന് റോയ് സാർ അറിയിച്ചു. തുടർന്നു ഞാൻ വിനയൻ സാറുമായി ഫോണിൽ സംസാരിച്ചു. രണ്ടു മൂന്ന് ടിക് ടോക് വീഡിയോസ് കൂടി അയയ്ക്കാൻ പറഞ്ഞു.
ഞാൻ അയച്ച വീഡിയോസ് വിനയൻ സാറിന് ഇഷ്ടമായി. നേരിൽ കാണണമെന്നു പറഞ്ഞു. ഞാനും അച്ഛനും കൂടി അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടു. മൂവിയിലെ രണ്ടു മൂന്നു സീനുകൾ അദ്ദേഹം എന്നെക്കൊണ്ടു ചെയ്യിപ്പിച്ചു. ഫോട്ടോസ് എടുത്തു. സെലക്ടായ വിവരം സാർ അന്നു തന്നെ പറഞ്ഞു. കരാർ ഒപ്പുവച്ച ശേഷമാണു ഞങ്ങൾ മുംബൈയിലേക്കു മടങ്ങിയത്.
കഥാപാത്രത്തെക്കുറിച്ച്..?
എന്റെ കഥാപാത്രം ആരതി വർമ. ദിവ്യ ഉണ്ണിചേച്ചിയുടെ മകളുടെ വേഷം. പ്രസവത്തോടെ ദിവ്യഉണ്ണിയുടെ കഥാപാത്രം മരിക്കുന്നിടത്തു നിന്നാണ് പാർട്ട് 2 ന്റെ തുടക്കം. മെഡിക്കൽ വിദ്യാർഥിനിയായ ആരതി നിരീശ്വരവാദിയാണ്. ഭഗവാനിലും പ്രേതത്തിലുമൊന്നും തീരെ വിശ്വാസമില്ലാത്ത കുട്ടി. അവിടേക്കു പോകണ്ട എന്ന് ആരെങ്കിലും കർശനമായി പറഞ്ഞാൽ “എന്താ അവിടേക്കു പോയാൽ’ എന്ന ചോദ്യമെറിഞ്ഞ് അവിടേക്കു തന്നെ പോകുന്ന പ്രകൃതം.
നീരീശ്വരവാദി ആയതിനാൽ പേടിയോ അങ്കലാപ്പോ ഒന്നുമില്ല. അങ്ങനെയുള്ള ആരതി പ്രേതത്തെ കാണുന്നതോടെ അതു വിശ്വസിക്കണോ വേണ്ടയോ എന്ന കണ്ഫ്യൂഷനിലാകുന്നു. എന്താണു സംഭവിക്കുന്നത്, ഇതെല്ലാം സത്യമാണോ എന്നൊക്കെ അന്വേഷിക്കാൻ തുനിഞ്ഞിറങ്ങുന്നു.
നായകൻ വിഷ്ണു വിനയ്…
ഓഡീഷനു വിനയൻ സാറിന്റെ വീട്ടിൽ പോയപ്പോഴാണ് ഞാൻ വിഷ്ണുചേട്ടനെ ആദ്യം കണ്ടത്. ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ വാസ്തവത്തിൽ എനിക്കു വലിയ പേടിയുണ്ടായിരുന്നു. പക്ഷേ, അത്ര കഠിനമേറിയ കാര്യമൊന്നുമല്ല, എനിക്കിതു സാധ്യമാകും എന്നൊക്കെ പറഞ്ഞ് വിഷ്ണുച്ചേട്ടൻ എന്നെ സപ്പോർട്ട് ചെയ്തു.
വിഷ്ണുച്ചേട്ടന്റെ കഥാപാത്രം എന്റെ മുറച്ചെറുക്കനാണ്. മെഡിക്കൽ കോളജിൽ എന്റെ കഥാപാത്രം ആരതിയുടെ സഹപാഠി. വിഷ്ണു ഗോവിന്ദ്, ശ്രീനാഥ് ഭാസി, നിഹാരിക എന്നിവരും ഞങ്ങൾക്കൊപ്പം മെഡിക്കൽ വിദ്യാർഥികളായി വേഷമിടുന്നു.
ആദ്യ സീൻ ചെയ്ത അനുഭവം..?
പ്രേതത്തിന്റെ സാന്നിധ്യമുള്ള സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. എന്റെ ശരീരത്തിൽ ഒരു ബാധ കയറുന്നതാണു കഥാസന്ദർഭം. ആ സമയത്ത് ഞാനുൾപ്പെടെ എല്ലാവരും കുറച്ച് പരിഭ്രമത്തിലായിരുന്നു. എനിക്കു കുറച്ചു പേടിയുമുണ്ടായിരുന്നു. പക്ഷേ, സാരി ഉടുത്തു വന്നപ്പോൾ എന്നിൽ എന്തോ ഒരു ശക്തി ഉള്ളതുപോലെ തോന്നി. പ്രേതം ശരീരത്തിൽ പ്രവേശിച്ച ഒരു ഫീൽ ആദ്യ സീനിൽ തന്നെ ഉണ്ടായി.
ഉള്ളിൽ എന്തോ ദേഷ്യം ഉള്ളതുപോലെയാണ് ഞാൻ ആ സീൻ ചെയ്തത്. എന്തോ ഒരു എനർജി ഉള്ളതുപോലെ തോന്നി. ഞാൻ ഇങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിച്ചില്ല എന്നാണ് എല്ലാവരും പറഞ്ഞത്. അത്തരത്തിൽ എല്ലാവരും എന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു.
കഥാപാത്രമാകാൻ അത്ര പ്രയാസമുണ്ടായിരുന്നില്ല. ആരതിയെക്കാളും യക്ഷിയുടെ കാരക്ടറിലായിരുന്നു ഞാൻ കുറച്ചുകൂടി കംഫർട്ടബിൾ.
വിനയൻ സാറിന്റെ സപ്പോർട്ട് എത്രത്തോളം..?
ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്പേ വിനയൻ സാർ എനിക്കു സ്ക്രിപ്റ്റ് വായിക്കാൻ തന്നു. അടുത്ത ദിവസം ചിത്രീകരിക്കുന്ന സീൻ തലേന്നു ഞാൻ വായിക്കുമായിരുന്നു. സീനെടുക്കുന്നതിനു മുന്പ് എങ്ങനെയാണു ചെയ്യേണ്ടതെന്നു സാർ പറഞ്ഞുതന്നു. തുടക്കത്തിൽ എനിക്കു പേടിയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഏറെ ക്ഷമയുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു.
തീരെ മോശമായി ചെയ്താൽ മാത്രമേ അദ്ദേഹം ക്ഷമ കൈവിടുമായിരുന്നൂള്ളു. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു മാത്രമേ അദ്ദേഹം സീൻ എടുത്തിരുന്നുള്ളൂ. സെറ്റിൽ എപ്പോഴും അദ്ദേഹത്തിന്റെ സപ്പോർട്ടുണ്ടായിരുന്നു.
ടിക് ടോക് അനുഭവങ്ങൾ സിനിമയിൽ സഹായകമായോ..?
ടിക് ടോക്കും സിനിമയും പൂർണമായും വ്യത്യസ്തങ്ങളാണ്. ടിക് ടോക് നമ്മൾ സെൽഫി വച്ച് ചെയ്യുന്നതല്ലേ. സിനിമയിൽ ആംഗിൾ ഉൾപ്പെടെ പല കാര്യങ്ങളും ശ്രദ്ധിക്കണം. വിനയൻ സാറിന്റെ അസോസിയേറ്റ് ആയ രതീഷേട്ടൻ എനിക്കു സീനുകൾ വിശദമായി പറഞ്ഞുതന്നു. എന്തു ചെയ്യണം, എന്ത് എക്സ്പ്രഷൻ കൊടുക്കണം എന്നതുൾപ്പെടെ. തുടക്കം മുതൽ പായ്ക്ക്അപ്പ് വരെ രതീഷേട്ടന്റെ സഹായം ഉണ്ടായിരുന്നു.
പൈലറ്റിൽ റിക്കോർഡ് ചെയ്യപ്പെടും എന്നുള്ളതിനാൽ സീനെടുക്കുന്പോൾ ഡയലോഗുകൾ പറയണമായിരുന്നു. തനി നാട്ടിൻപുറത്തുള്ള ഇല്ലത്തെ കുട്ടിയുടെ സംഭാഷണങ്ങൾ എനിക്കു പരിചിതമല്ലായിരുന്നു. പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നുവെങ്കിലും അതൊക്കെ ഞാൻ മനഃപാഠമാക്കി പറഞ്ഞു.
ചിത്രീകരണത്തിനിടെ സെറ്റിൽ അസാധാരണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ..?
ഏറെ പേടിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു സെറ്റിലുണ്ടായിരുന്നത്. പാലക്കാട് ഒളപ്പമണ്ണ മനയിലായിരുന്നു ചിത്രീകരണം. അവിടെ രണ്ടു കുളങ്ങളുണ്ട്. അതിന്റെ വശങ്ങളിൽ രാത്രികാലങ്ങളിൽ ആരും പോയി കിടക്കാറില്ല. അവിടെപ്പോയി കിടക്കരുതെന്ന് പ്രത്യേകിച്ചും ആണുങ്ങളോടു പറയാറുണ്ട്.
അതൊക്ക ഗൗനിക്കാതെ സെറ്റിലെ ഒരു ഡ്രൈവർ ചേട്ടൻ അവിടെ പോയി കിടന്നപ്പോൾ ആരോ കുളത്തിലേക്കു വലിക്കുന്നതായി തോന്നിയത്രേ. സെറ്റിൽ എപ്പോഴും എനിക്കു നെഗറ്റീവ് ഫീൽ അനുഭവപ്പെട്ടിരുന്നു. ഷൂട്ടിംഗിനിടെ ചിലർക്ക് ആക്സിഡന്റായിട്ടുണ്ട്.
ഹൊറർ – ഹ്യൂമർ പാക്കേജ് ആയിരുന്നു ആകാശഗംഗ. പാർട്ട് 2 എങ്ങനെയാണ്..?
പാർട്ട് 2 ഉം അങ്ങനെ തന്നെയാണ്. ധർമജേട്ടൻ, സെന്തിലേട്ടൻ, ശ്രീനാഥ് ഭാസിയേട്ടൻ, തെസ്നിചേച്ചി, സലീം കുമാർ, ഹരീഷ് കണാരൻ…തുടങ്ങിവരൊക്കെയാണ് കോമഡി രംഗങ്ങൾക്കു മാറ്റുകൂട്ടുന്നത്. സലീംകുമാർ സാറും ഹരീഷ് കണാരൻ ചേട്ടനും കോളജിൽ ഞങ്ങളുടെ പ്രഫസർമാരായിട്ടാണു വേഷമിടുന്നത്.
ആകാശഗംഗയിൽ ദിവ്യാ ഉണ്ണി ചേച്ചിയുടെ ശരീരത്തു പ്രേതം കൂടുന്നതും മറ്റും നമ്മൾ കണ്ടറിഞ്ഞതാണ്. അതിൽ മയൂരിചേച്ചിയാണല്ലോ പ്രേതമായി വേഷമിട്ടത്. പാർട്ട് 2 ലും മയൂരി ചേച്ചിയുടെ കഥാപാത്രം അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്. മയൂരിചേച്ചിയുടെ കഥാപാത്രം തന്നെയാണ് എന്റെ ശരീരത്തും പ്രവേശിക്കുന്നത്. റിയാസ് സാറാണ് അച്ഛന്റെ വേഷം ചെയ്യുന്നത്. അച്ഛന്റെ പെങ്ങളുടെ വേഷമാണ് പ്രവീണചേച്ചിക്ക്.
ആദ്യ സിനിമ പകർന്ന അനുഭവങ്ങളെക്കുറിച്ച്..?
സിനിമ കാണാൻ എളുപ്പമാണ്, പക്ഷേ അതുണ്ടാക്കാൻ അത്ര എളുപ്പമല്ലെന്നു മനസിലായി. ഒരു സീനിനു വേണ്ടി ചിലപ്പോൾ രണ്ടു മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവന്നു. മനയിലെ ചൂടിൽ വിഗ് ധരിച്ച് അഭിനയിക്കുന്നതൊക്കെ പുതിയ അനുഭവം. വീട്ടിലേക്കു മടങ്ങണമെന്നുവരെ വിചാരിച്ചു. അത്തരത്തിൽ അപരിചിതത്വം മൂലമുള്ള കുറച്ചു പ്രശ്നങ്ങൾ.
അച്ഛനും അമ്മയും സെറ്റിൽ ഒപ്പമുണ്ടായിരുന്നു. സെറ്റിൽ എല്ലാവരും ഫ്രണ്ട്ലിയായിരുന്നു. അസോസിയേറ്റ്സും ഫുൾ പ്രൊഡക്ഷൻ ടീമും എന്തു സഹായത്തിനും സദാ സന്നദ്ധമായിരുന്നു. അവർ എന്നെ ഒരു കുട്ടിയെപ്പോലെയാണു പരിഗണിച്ചത്.
ആകാശഗംഗ 2 ൽ രമ്യാകൃഷ്ണൻ…
ഈ സെറ്റിനു തന്നെ ആകർഷകത്വം സമ്മാനിച്ച സൗന്ദര്യത്തിന്റെ ഉടമയാണ് രമ്യ കൃഷ്ണൻ. എക്സ്പ്രഷൻ കൊടുക്കേണ്ട കാര്യം പോലുമില്ല, മാം നോക്കിയാൽ മാത്രം മതി. അത്ര പവർഫുളാണ് അവരുടെ കണ്ണുകൾ. മന്ത്രവാദിനിയുടെ വേഷമാണു രമ്യ കൃഷ്ണന്. എന്റെ കഥാപാത്രം ആരതിയുടെ ബാധയൊഴിപ്പിക്കുന്നതു മാമിന്റെ കഥാപാത്രമാണ്. അങ്ങനെ ഒരു കോംബിനേഷൻ സീൻ അഭിനയിക്കാൻ ഭാഗ്യമുണ്ടായി.
മാം എന്നോട് പഠനകാര്യങ്ങൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ തിരക്കി. എല്ലാവരോടും സംസാരിച്ചു നടക്കുന്ന രീതിയല്ല മാമിന്റേത്. ആരും അവർക്കൊപ്പം ഫോട്ടോയെടുക്കാനൊന്നും പോയിരുന്നില്ല. പക്ഷേ, ഞാൻ അടുത്തുചെന്ന് ഒരു ഫോട്ടോ എടുക്കണം എന്നു പറഞ്ഞു. മാം അനുവദിച്ചു. ഏറെ എളിമയുള്ള പെരുമാറ്റം.
പാട്ടുകൾക്കു പ്രാധാന്യമുള്ള സിനിമയാണോ..?
ഇതും പാട്ടുകൾക്കു പ്രാധാന്യമുള്ള സിനിമയാണ്. ബേണി ഇഗ്നേഷ്യസ് ഈണമിട്ട പുതുമഴയായി വന്നൂ നീ… എന്ന പാട്ട് പാർട്ട് 2 ൽ റീമിക്സ് ചെയ്തു വരുന്നു. ചിത്രചേച്ചി തന്നെയാണ് ഇതും പാടിയത്. ഞാനും ധർമജേട്ടനും തെസ്നിചേച്ചിയുമൊക്കെ ആ പാട്ടിന്റെ വിഷ്വലിൽ വരുന്നുണ്ട്. ഞാനും വിഷ്ണുചേട്ടനും ശ്രീനാഥ് ഭാസിച്ചേട്ടനും വിഷ്ണുഗോവിന്ദൻ ചേട്ടനുമൊക്കെയാണുള്ള ഒരു ഗാനരംഗം ഇതിലുണ്ട്. രമ്യകൃഷ്ണൻ അഭിനയിച്ച മറ്റൊരു ഗാനവുമുണ്ട്.
സിനിമയിലെ ആഗ്രഹങ്ങൾ..?
സിനിമയിലെത്തണം എന്ന ആഗ്രഹത്തോടെയല്ല ടിക് ടോക് ചെയ്തത്. കിട്ടിയതുകൊണ്ട് ഇതിൽ അഭിനയിച്ചു എന്നല്ലാതെ എനിക്കു ഫിലിം ഇൻഡസ്ട്രിയിൽ തുടരണമെന്നില്ല. പഠനത്തിനാണ് ഇപ്പോൾ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ബിസിനസ് മാനേജ്മെന്റ് പഠിക്കുകയാണ്. അതിൽ എംബിഎ ചെയ്യണം, ജോലി നേടണം. സ്ക്രിപ്റ്റും ഡയറക്ടറും പ്രോജക്ടുമൊക്കെ ഇഷ്ടമായാൽ സിനിമയും ഒപ്പം കൊണ്ടുപോകും.
ഇതിനിടെ തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു. പക്ഷേ, തമിഴ് താത്പര്യമില്ല. ഇനി സിനിമ ചെയ്യുകയാണെങ്കിൽ അതു വിനീതേട്ടന്റെ കൂടെ ആവണം എന്നാണ് ആഗ്രഹം. വീനീത് ശ്രീനിവാസന്റെ സിനിമകൾ ഫാമിലിക്കു കാണാൻ പറ്റുന്ന ഡീസന്റ് മൂവീസാണ്. അതാണ് എനിക്കു കൂടുതൽ താത്പര്യം. തട്ടത്തിൻമറയത്ത് തൊട്ടുള്ള സിനിമകൾ എനിക്ക് ഇഷ്ടമാണ്.
വീട്ടുവിശേഷങ്ങൾ…
ഞാൻ ജനിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. അച്ഛൻ പ്രേംകുമാർ നായർ എക്സ്പോർട്ട് ഇംപോർട്ടിൽ മാനേജർ. അമ്മ ശ്രീലത നായർ. എനിക്ക് രണ്ട് അനിയത്തിമാരും ഒരനിയനും. അച്ഛന്റെ നാട് കോഴിക്കോട്. അമ്മയുടേതു തൃശൂർ. എപ്പോഴും എന്റെ ഇഷ്ടങ്ങൾക്കൊപ്പമാണ് എന്റെ ഫാമിലി.
ടി.ജി.ബൈജുനാഥ്