അവസാനമിറങ്ങിയ ആസിഫ് അലി ചിത്രമായ കെട്ടിയോളാണെന്റെ മാലാഖയിലൂടെ മലയാളക്കരയുടെ ഇഷ്ടം നേടിയ സന്തോഷത്തിലാണ് മുംബൈ മലയാളിയായ വീണ നന്ദകുമാര്‍.
സ്ലീവാച്ചന്‍ എന്ന നായക കഥാപാത്രത്തിന്റെ കെട്ടിയോളായ റിന്‍സി എന്ന കഥാപാത്രത്തിനാണ് വീണ ജീവന്‍ നല്‍കിയത്. മലയാളി അധികമൊന്നും ചര്‍ച്ച ചെയ്യാത്ത പ്രമേയത്തെ മനോഹരമായി അവതരിപ്പിച്ച ചിത്രം വര്‍ഷാന്ത്യത്തിലെ സര്‍പ്രൈസ് ഹിറ്റായി മാറി. കെട്ടിയോളാണെന്റെ മാലാഖയിലെ റിന്‍സിയെക്കുറിച്ചും, ഭാവി പ്രതീക്ഷകളെക്കുറിച്ചും വീണ നന്ദകുമാര്‍ മനസ് തുറക്കുന്നു….
? സിനിമയിലേക്കുള്ള രണ്ടാം വരവ് ടൈറ്റില്‍ റോളിലൂടെ… ടെന്‍ഷനുണ്ടായിരുന്നോ…
കെട്ടിയോളാണെന്റെ മാലാഖയിലെ റിന്‍സിയാകുന്നതില്‍ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. കാരണം ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്ന സിനിമ ആയിരുന്നതുകൊണ്ടുതന്നെ നന്നായി ചെയ്യാന്‍ കഴിയുമെന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു.
റിന്‍സിക്കായുള്ള ഒരുക്കങ്ങള്‍
റിന്‍സിയെന്ന കഥാപാത്രത്തെ ആഴത്തില്‍ മനസിലാക്കുകയാണ് ചെയ്തത്. സ്‌ക്രിപ്റ്റ് വിശദമായി വായിച്ച് നല്ല ഒരുക്കം നടത്തിയിരുന്നു. ശരീരഭാരം ക്രമീകരിച്ചു.
? യഥാര്‍ത്ഥ ജീവിതത്തില്‍ റിന്‍സിയുമായുള്ള സാമ്യതകള്‍
എന്റെ കൂടെ നില്‍ക്കുന്നവര്‍ എന്തെങ്കിലും തെറ്റ് ചെയ്തുകഴിഞ്ഞാല്‍, താന്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ക്ക് സ്വയം തിരിച്ചറിവുണ്ടാവുകയാണെങ്കില്‍ ഞാന്‍ അവരുടെ കൂടെ നില്‍ക്കും. അവര്‍ക്ക് ഒരവസരം കൂടി കൊടുക്കും. അതാണ് യഥാര്‍ഥ ജീവിതത്തില്‍ എനിക്ക് റിന്‍സിയുമായുള്ള ഏക സാമ്യത.
? പുതുമുഖ സംവിധായകന്‍, വലിയൊരു നിര്‍മ്മാണക്കമ്പനി, ആസിഫ് അലിയെന്ന നായകന്‍. എന്തെല്ലാമായിരുന്നു വീണയുടെ പ്രതീക്ഷകള്‍
മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നായകനും, നിര്‍മ്മാണക്കമ്പനിയും. കൂടെ ശക്തമായ സ്‌ക്രിപ്റ്റും. സത്യം പറഞ്ഞാല്‍ ഞാന്‍ ആകെ എക്‌സൈറ്റഡായിരുന്നു.
? മലയാളികള്‍ അധികം ചര്‍ച്ച ചെയ്യാത്ത പ്രമേയമാണ് കെട്ട്യോളിലേത്. സിനിമ ജനം സ്വീകരിക്കുമോ എന്ന സംശയമുണ്ടായിരുന്നോ
അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നില്ല. കാരണം ഏതൊരാളും അറിഞ്ഞിരിക്കേണ്ട വിഷയമാണ് സിനിമ പറയുന്നത്. കൂടാതെ അതിമനോഹരമായാണ് സംവിധായകന്‍ ചിത്രത്തെ ഒരുക്കിയത്. ശക്തമായ സ്‌ക്രിപ്റ്റ് കൂടിയായപ്പോള്‍ മലയാളികള്‍ നിറഞ്ഞ സന്തോഷത്തോടെയാണ് സിനിമ സ്വീകരിച്ചത്.
? ആദ്യ ചിത്രം കഴിഞ്ഞ് ഏകദേശം രണ്ടര വര്‍ഷത്തിനുശേഷമാണ് നായികയായ രണ്ടാമത്തെ ചിത്രം പുറത്തു വരുന്നത്. മന:പ്പൂര്‍വ്വം ബ്രേക്ക് എടുത്തതാണോ
ആദ്യ ചിത്രം വിജയമാകാതെ പോയപ്പോള്‍ ശരിക്കും വിഷമം തോന്നിയിരുന്നു. പക്ഷേ പരാജയത്തെ അതിജീവിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. അതു കൊണ്ടാണ് ഒരു ബ്രേക്ക് എടുത്തത്. ബ്രേക്ക് എടുത്ത സമയത്ത് എനിക്ക് ആവിശ്വാസമുണ്ടായിരുന്നു, മികച്ച ചിത്രത്തിലൂടെ തിരിച്ചു വരാനാകുമെന്ന്.
നമ്മള്‍ അതിതീവ്രമായി ഒരു കാര്യം ആഗ്രഹിക്കുക, അതിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുക. അതു തന്നെയായിരുന്നു എന്റെ കാര്യത്തിലും. കാത്തിരിപ്പിന്റെ ഫലമായാണ് കെട്ട്യോളാണെന്റെ മാലാഖ എന്ന സുന്ദരചിത്രം എനിക്ക് ലഭിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍.
പ്രേക്ഷക പ്രതികരണം
സിനിമ വിജയിച്ചതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. ഒരുപാട് പേര്‍ റിന്‍സി നന്നായിട്ടുണ്ടെന്ന് അറിയിച്ചു. അതൊക്കെ വളരെ സന്തോഷം നല്‍കുന്ന അനുഭവങ്ങളായിരുന്നു.
? സ്വദേശമായ മുംബൈയില്‍ സിനിമ റിലീസുണ്ടായിരുന്നോ
മുംബൈയില്‍ സിനിമ റിലീസായപ്പോള്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും പോയി പടം കണ്ടു. നേരിട്ടും, ഫോണ്‍ വഴിയും, മെസേജിലൂടെയുമൊക്കെ എല്ലാവരും സന്തോഷം പങ്കുവച്ചു.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഞാനും അമ്മയും ഒരുമിച്ചാണ് സിനിമ കണ്ടത്. അവരും സന്തോഷത്തിലാണ്. ഞാന്‍ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് വീട്ടുകാര്‍.
? സിനിമാ രംഗത്ത് ആസിഫ് അലി 10 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം എങ്ങനെയായിരുന്നു പ്രത്യേകിച്ച് വൈകാരിക രംഗങ്ങളില്‍
പുള്ളി ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സീനും ടെന്‍ഷനൊന്നുമില്ലാതെ നന്നായി ചെയ്യാന്‍ കഴിഞ്ഞു.
ഇഷ്ടനടന്‍, നടി
അങ്ങനെ പ്രത്യേകിച്ച് എടുത്തുപറയാന്‍ ഇല്ല. എല്ലാവരെയും തന്നെ ഇഷ്ടമാണ്.
കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലം
ശുദ്ധവായുവും വെള്ളവും ശുദ്ധമായ ഭക്ഷണവും ലഭിക്കുന്ന പ്രകൃതിരമണീയമായ സ്ഥലം കാണാനാണ് എന്റെ ആഗ്രഹം.
2020ലെ പ്രതീക്ഷകള്‍
ശരിക്കും യാതൊരു തരത്തിലുമുള്ള പ്രതീക്ഷകളും വച്ചു പുലര്‍ത്തുന്ന വ്യക്തിയല്ല ഞാന്‍. പുതിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. കെട്ടിയോള്‍ പോലും തീരെ പ്രതീക്ഷിക്കാതെ ലഭിച്ച സിനിമയാണ്. അതുകൊണ്ടുതന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്.
കുടുംബം
വീട്ടില്‍ അച്ഛന്‍, അമ്മ പിന്നെ ചേട്ടന്‍. അച്ഛന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മയാണ്. ചേട്ടന്‍ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനാണ്.
ശരത്കുമാര്‍ ടി. എസ്