ബാബു ജോര്‍ജ്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീമ്പിളക്കിയ ആറന്മുള എംഎല്‍എ വീണാ ജോർജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു. മാധ്യമ സര്‍വേകള്‍ പുറത്തുവന്നപ്പോള്‍ അസ്വസ്ഥയായ എംഎല്‍എ മാധ്യമങ്ങളെ വെല്ലുവിളിച്ച് 75000 വോട്ടിന് വിജയിക്കുമെന്ന് പറഞ്ഞിരുന്നു.
2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തിൽ 64521 വോട്ടു നേടിയ വീണാ ജോര്‍ജിന് 163996 പേര് വോട്ടുചെയ്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 52684 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. വോട്ടു വർധന ഉണ്ടായിട്ടും 11837 വോട്ടുകള്‍ വീണാജോർജിന് കുറഞ്ഞത് എംഎല്‍എയുടെ ജനപിന്തുണയില്‍ ഉണ്ടായ ഇടിവാണ്. 2016 ല്‍ ആറന്മുള മണ്ഡലത്തില്‍ 56877 വോട്ട് മാത്രം ലഭിച്ച യുഡിഎഫിന് വോട്ട് വര്‍ധിച്ചു.
59277 വോട്ടുകള്‍ ആറന്മുളയില് യുഡിഎഫിന് ലഭിച്ചു. ആറന്മുളയില് പരാജയപ്പെട്ടത് എല്‍ഡിഎഫ് അല്ല. എംഎല്‍എ തന്നെ സ്വന്തം മണ്ഡലം ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെടുന്നത് ജനാധിപത്യത്തിൽ ഗൗരവമുള്ള വിഷയമാണ്. കുണ്ടറയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട എം.എ. ബേബി രാജി സന്നദ്ധത അറിയിച്ചതുപോലെ വീണാ ജോർജ് രാജി സന്നദ്ധത അറിയിക്കുമോയെന്ന് വോട്ടർമാര്‍ കാത്തിരിക്കുകയാണ്.
ജില്ലയിലെ ബിജെപിയുടെ വോട്ട് വര്‍ധനയ്ക്കു കാരണം സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളാണ്. എഴുപതിനായിരത്തോളം യുഡിഎഫ് വോട്ടറന്മാരെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ആറന്മുളയില് മാത്രം എണ്ണായിരത്തിലധികം യുഡിഎഫ് വോട്ടുകള്‍ വെട്ടി നീക്കപ്പെട്ടു. ഇതിനെതിരെ ഡിസിസി നല്കിയ പരാതിയില്‍ നിയമപോരാട്ടം തുടരുമെന്ന് ബാബു ജോർജ് പറഞ്ഞു.