വീണാ എസ് നായര്‍ ‘വാഴകളോടും’ വോട്ടഭ്യര്‍ത്ഥിച്ചു ! വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വലിയ വിവാദത്തിനു തിരികകൊളുത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്.

മുല്ലപ്പളളിയെ കണ്ട് പരാതിപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ കമ്മിഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാഴത്തോട്ടത്തില്‍ നിന്ന് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ കണ്ടെത്തിയിരിക്കുന്നത്.

Related posts

Leave a Comment