തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഇപ്പോൾ എന്താണ് പറയുന്നത്. തനിക്ക് വിശദമായി പറയാനുണ്ട്. രണ്ട് ദിവസം കാത്തിരിക്കൂ, വൈകാതെ പറയുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിനെതിരേ നടക്കുന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു. ആയുഷ് മിഷന് നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പരാതിക്കാരന് ഹരിദാസന് മൊഴിമാറ്റിയെന്ന് പോലീസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കോഴ വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവർ ഇവിടുണ്ട്. തന്റെ ബന്ധുവായ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്നല്ലേ പ്രചരിപ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാം- വീണാ ജോർജ് പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന് ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പോലീസ് പറയുന്നത്.
അതേസമയം ഹരിദാസന് അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് കൈമാറിയതെന്ന് ഹരിദാസൻ പറയുന്നു.