തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം മന്ത്രി വീണാ ജോർജ് ഉന്നയിക്കും. കൂടാതെ മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും.
കേരളത്തിൽ എയിംസ് നിർമിക്കുന്നത് പരിഗണനയിലാണെന്ന് ജെ.പി.നദ്ദ രാജ്യസഭയിൽ പറഞ്ഞിരുന്നു. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നുമായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്.
കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിയും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.
എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കേന്ദ്രമന്ത്രിക്ക് മുൻപാകെ മന്ത്രി വീണാ ജോർജ് സമർപ്പിക്കും.
അതേസമയം മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയേക്കും.