നിരവധി ചിത്രങ്ങളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി വീണ നായർ നായികയാകുന്നു.
ബിഗ് ബോസ് മൽസരാർഥി എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾ തിരിച്ചറിയുകയും ചെയ്തതാണ് സിനിമയിൽ പുതിയ അവസരമൊരുക്കുന്നത്. ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ച് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവേ ആണ് സിനിമയെ കുറിച്ച് വീണ പറഞ്ഞത്.
എന്നാൽ കൂടുതൽ വിവരങ്ങൾ ഇതു സംബന്ധിച്ചു നൽകാൻ ഇവർ തയാറായില്ല. ഷോയ്ക്കകത്ത് തന്റെ കരച്ചിലുകളെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോളുകൾ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വീണ പറയുന്നു.
ഗ്രൂപ്പിനകത്ത് നിന്നുകൊണ്ട് കൂട്ടായ തീരുമാനങ്ങൾക്കൊപ്പം നിന്നതാണ് ബിഗ് ബോസിൽ പറ്റിയ പിഴവ്.
കോടതി ടാസ്കിലൊക്കെ ഇതിനാൽ കള്ളം പറഞ്ഞിട്ടുണ്ടെന്നും തങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരുടെയും കേസുകളിൽ അവർക്ക് അനുകൂലമായി അഭിപ്രായം പറയുക എന്നാണ് അപ്പോൾ ചിന്തിച്ചതെന്നും വീണ കൂട്ടിച്ചേർത്തു.
ഗെയിമാണെന്നത് ഇടയ്ക്ക് മറന്നതും ബന്ധങ്ങൾക്ക് ഗെയിം മറന്നുള്ള പ്രാധാന്യം കൊടുത്തതാണ് പല ഇമോഷണൽ രംഗങ്ങൾക്കും ഇടയാക്കിയത് എന്നും വീണ പറയുന്നു.