മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ എയർ ആംബുലൻസ് ഉപയോഗിക്കാത്തതിന് വിമർശനവുമായി സോഷ്യൽ മീഡിയ.
എറണാകുളത്ത് നിന്ന് കോഴിക്കോട് വരെയാണ് ഹൃദയം കൊണ്ടുപോയത്. എന്തു കൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തുവന്നിരുന്നു.
‘4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ.
വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ.
എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു.
ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു.’ എന്നായിരുന്നു മന്ത്രിയുടെ വാദം.
എന്നാൽ കോഴിക്കോട് ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്നും ചിലർ മന്ത്രിയെ ഓർമിപ്പിക്കുന്നു.
‘എയർ ആംബുലൻസ് എന്ന് പറഞ്ഞാൽ എയർ ഇന്ത്യ വിമാനം അല്ല .ഹെലികോപ്റ്റർ ആണ് എയർ ആംബുലൻസ്.അത് ഇറക്കുവാൻ ഒരു എയർപോർട്ടിന്റെ ആവശ്യമില്ല.
ആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുത്.’ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ ഫേസ്ബുക്കിൽ കുറിച്ചു.
ജനങ്ങളുടെ പണത്തിൽ നിന്നും കോടികൾ ഹോലികോപ്റ്റർ വാടക നൽകിയിട്ടിരിക്കുന്നത് എന്തിനാണെന്നും പ്രതികരിക്കുന്നവരെയും പോസ്റ്റിന് താഴെ കാണാം.