കോട്ടയം: ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. വീണ്ടുമൊരു വെള്ളപ്പൊക്കമുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. വെള്ളമിറങ്ങി തുടങ്ങിയിട്ടും മഴ തോരുന്നില്ല. ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും ഇന്നലെയും ഇന്നും കനത്ത മഴയാണു പെയ്യുന്നത്.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നാൽ തീരത്ത് താമസിക്കുന്നവർക്ക് ദുരിതമാകും. മീനച്ചിലാർ കര കവിയുന്നതാണ് കോട്ടയത്തെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണം.
മീനച്ചിലാർ വേന്പനാട്ട് കായലിൽ പതിക്കുന്നതുവരെയുള്ള പ്രദേശങ്ങളിൽ ആറിന്റെ ഇരുകരകളും വെള്ളത്തിലാവും. പിന്നീട് ആറ്റിലെ ജലനിരപ്പ് കുറയുന്നതനുസരിച്ചേ വെള്ളം ഇറങ്ങുകയുള്ളു.
മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നാൽ സമീപത്തെ കൊടൂരാറ്റിലും വെള്ളത്തിന്റെ അളവ് വർധിക്കും. രണ്ട് ആറുകളും തോടുകൾ മുഖേന ചേർന്നാണ് നിൽക്കുന്നത. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ആറ്റിൽ വെള്ളം നിറഞ്ഞാൽ രണ്ടിടത്തും ഒരു പോലെ ജലനിരപ്പ് ഉയരുന്നത്.
മീനച്ചിലാറിന്റെ കൈവഴിയായ അറുത്തൂട്ടി തോടിന്റെ തീരത്തുള്ള സിഎൻഐ-കൊച്ചാന റോഡിൽ വെള്ളം കയറി. ഇന്നലത്തേതിലും കൂടൂതൽ വെള്ളം ഇന്ന് റോഡിലുണ്ട്. ഈരാറ്റുപേട്ടയിൽ പെയ്ത മഴയുടെ വെള്ളംകൂടി മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയാൽ റോഡിലെ ജലനിരപ്പ് വർധിക്കും.
പിന്നീട് ഗതഗാതം തടസപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ 10 ദിവസം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചതാണ്. അറുത്തൂട്ടി തോടിന്റെ കരയിൽ താമസിക്കുന്നവരുടെ വീടുകളും വെള്ളത്തിലായിരുന്നു.