തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ.
തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്.
എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.
അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.
രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുമെന്നാണ് വിവരം. ജോധ്പൂരിൽ നിന്നാണ് ബോട്ടുകൾ എത്തിക്കുക. ഇതിൽ 15 എണ്ണം ചെങ്ങന്നൂരിലേക്കും 10 എണ്ണം തിരുവല്ലയിലേക്കുമാണ് എത്തിക്കുകയെന്നാണ് വിവരം. രാവിലെ ആറിന് ബോട്ടുകൾ എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും എട്ടിനു ശേഷമേ ബോട്ടുകൾ എത്തുകയുള്ളുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.