കൊച്ചി: കുന്പളത്ത് പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിനു പുറത്തേക്ക്. സമീപ സംസ്ഥാനങ്ങളിൽനിന്നു കാണാതായതും ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയതുമായ യുവതികളെ സംബന്ധിച്ചുള്ള അന്വേഷണമാണു ഇതര സംസ്ഥാനങ്ങളിലേക്കുകൂടി പോലീസ് വ്യാപിപിച്ചത്.
ഇത്തരത്തിലുള്ള യുവതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയതായും ഇവരെ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം, അസ്ഥികൂടം ഉദയംപേരൂരിൽനിന്നു കാണാതായ സ്ത്രീയുടേതാകാനുള്ള സാധ്യത അദ്ദേഹം തള്ളി. ഉദയംപേരൂരിൽനിന്നു കാണാതായതായി പറയുന്ന സ്ത്രീക്ക് ഏകദേശം 60 വയസാണുള്ളത്.
എന്നാൽ, വീപ്പയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ വയസ് ഏകദേശം മുപ്പതാണ്. ശാസ്ത്രീയ പരിശോധനയിലാണു വയസ് തിരിച്ചറിഞ്ഞത്. അതിനാൽതന്നെ അസ്ഥികൂടം ഉദയംപേരൂരിൽനിന്നു കാണാതായ സ്ത്രീയുടേതാകാൻ സാധ്യത വിരളമാണെന്നാണു അദ്ദേഹം പറയുന്നത്. അതേസമയം, ഉദയംപേരൂർ നിവാസിയായ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം ഉൗർജിതമാക്കിയതായും ഇവർ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തൃക്കാക്കര എസിപി പി.പി. ഷംസ് വ്യക്തമാക്കി.
കഴിഞ്ഞ ഏഴിനാണു കുന്പളം ഗോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്ന് അസ്ഥികൂടം ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി. ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ പോലീസ് ആറുപേരെ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചുപേരും ജീവിച്ചിരിക്കുന്നവരാണ്.
ഇവരെ തിരിച്ചറിയുകയും ചെയ്തു. ആറാമത്തെയാളായ ഉദയംപേരൂർ നിവാസിയായ സ്ത്രീയെയാണു കണ്ടെത്താനാകാത്തത്. വർഷങ്ങൾക്കു മുൻപ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
ബന്ധുക്കളുമായും മക്കളുമായും ഇവർ അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ലെന്നും പോലീസ് പറയുന്നു. ഇവർതന്നെയാണോ മരിച്ചതെന്നു സ്ഥിരീകരിക്കുന്നതിനായി മകളുടെ ടിഎൻഎ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണു പോലീസ്. കൂടാതെ മൂംബൈ കേന്ദ്രീകരിച്ചും ഇവരുടെ ബന്ധുക്കളിൽനിന്നു വിവരം തേടുമെന്നും അധികൃതർ പറഞ്ഞു.