രാജകുമാരി: ഇടുക്കി ചതുരംഗപ്പാറയിൽ നിന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രസ്മാരകമായ വീരക്കല്ലുകൾ കണ്ടെടുത്തു.
ആനപ്പുറത്തിരിക്കുന്ന വീരപുരുഷന്റെ അപൂർവമായ സംഘകാല സ്മാരകമാണ് കണ്ടെത്തിയത്. ഇടുക്കിയുടെ സംഘകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഇത്.
ചതുരംഗപ്പാറയിൽ തമിഴ്നാടിന്റെ അതിർമലയുടെ കിഴക്കേ അറ്റത്തുള്ള ആൽമരച്ചുവട്ടിലാണ് പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിൽപ ചാതുരി അധികമാരും ശ്രദ്ധിക്കപ്പെടാത്ത നിലയിൽ ചരിത്ര ഗവേഷണ സംഘം വീരക്കല്ല് കണ്ടെത്തിയത്.
വിജയഭേരിമുഴക്കി നിൽക്കുന്ന ആനയുടെ മുകളിൽ ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായി വിജയശ്രീലാളിതനായിരിക്കുന്ന വീരന്റെ നിർമിതിയാണ് വീരക്കല്ല്.
ഒരടിയോളം ഉയരമുള്ള കല്ലിലാണ് ശില്പം കൊത്തിയിരിക്കുന്നത്.
കേരളത്തിൽ ആദ്യമായാണ് ഇത്തരം പ്രാചീന നിർമിതി കണ്ടെത്തുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണസമിതി അംഗം ഡോ. രാജീവ് പുലിയൂർ പറഞ്ഞു.
നൂറ്റാണ്ടുകൾക്ക് മുന്പേ ഇടുക്കിയുടെ മലമടക്കുകളിൽ ഒരു നാഗരികത ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് കണ്ടെത്തൽ എന്നാണ് വിലയിരുത്തൽ.