വി.സി വടിവുടയാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഗ്ലാമർ റോളുകളിൽ നിന്ന് വ്യത്യസ്തമായി നടി സണ്ണി ലിയോൺ വീരനായികയായി എത്തുന്നതിനെ ചൊല്ലിയാണ് വീരമാദേവി ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുന്നത്. ബംഗളുരുവിൽ സിനിമയ്ക്കെതിരെ കന്നഡ രക്ഷണ വേദികെ യുവ സേന റാലി സംഘടിപ്പിക്കുകയായിരുന്നു.
ചിത്രത്തിൽ നടി അഭിനയിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു ഇവർപ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നടിയുടെ കോലത്തിൽ ചെരുപ്പുകൊണ്ട് അടിക്കുകയും കോലം കത്തിക്കുകയും ചെയ്തു.
വീരമാദേവിയിൽ നിന്ന് നടി പിന്മാറിയില്ലെങ്കിൽ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് യുവസേന പ്രസിഡന്റ് കെ. ഹരീഷ് പറയുന്നു. ചിത്രത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നവംബർ മൂന്നിന് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്നും യുവസേന ഭീഷണിയുണ്ട്. സിനിമ നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പോരാളിയായ വീരമാദേവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന വീരമാദേവി തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴി മാറ്റി എത്തുന്നുണ്ട്.