മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല പാന്പൻ തോട് ആദിവാസി കോളനിയിലെ ആദിവാസിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മകളുടെ ഭർത്താവ് കുമാരൻ അറസ്റ്റിലായി. പൂഞ്ചോല പൊണ്ടന്റെ മകൻ വീരനാണ് (65) മരിച്ചത്. സംഭവത്തെ തുടർന്ന് വീരന്റെ മകളുടെ ഭർത്താവ് കോളനിയിലെ ചാമി മകൻ കുമാരനെ (34) പോലീസ് അറസ്റ്റുചെയ്തു.
ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സംഭവം. മകളുടെ വീട്ടിൽ പെയിന്റിംഗ് നടത്തുന്നതിനിടെ വീണു പരിക്കേറ്റ വീരനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂരിലെത്തിച്ചു. ഇതിനിടെ മണ്ണാർക്കാട് സിഐ എം.കെ.സജീവ്, എസ്ഐ അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
വീരന്റെ ബന്ധുക്കളുടെയും നാട്ടുകാരുടേയും വിശദമൊഴികളെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വീരനും മകളുടെ ഭർത്താവായ കോളനിയിലെ ചാമി മകൻ കുമാരനും തമ്മിൽ നിരന്തര വാക്കേറ്റമുണ്ടായിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് കൊലപാതകം തെളിയിച്ചത്. സംഭവസമയത്ത് കുമാരൻ വീരനെ മദ്യലഹരിയിൽ തുണിയിൽ കല്ലുകെട്ടി അടിച്ചിരുന്നതായി ദൃസാക്ഷികൾ മൊഴി നല്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത്തരത്തിൽ വീരന് മർദനമേറ്റതായി സ്ഥിരീകരിച്ചു.