കോഴിക്കോട്: എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ ലോക് താന്ത്രിക് ജനതാദളിന് കടുത്ത അതൃപ്തി. വടകരയോ കോഴിക്കോട് കിട്ടണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ നിലപാട്. സിപിഎം തീരുമാനത്തിന് വഴങ്ങിയാല്‍ മുന്നണിമാറ്റം പോലും വെറുതെയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ സിപിഎം 16 സീറ്റിലും സിപിഐ നാല് സീറ്റിലും മല്സരിക്കാനാുള്ള തീരുമാനം ഘടകകക്ഷികളെഅറിയിക്കും.
നിലവിലെ സാഹചര്യത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സിപിഎം പറയുന്നത് കേള്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. തങ്ങളുടെ ക്വാട്ടയില്‍ കൈവയ്ക്കാത്തതിനാല് സിപിഐയ്ക്ക് ഇക്കാര്യത്തില്‍ സിപിഎമ്മിനെ എതിര്‍ക്കാനും കഴിയില്ല.
ഫലത്തില്‍ യുഡിഎഫില്‍ നിന്നും പുറത്തുവന്ന് എല്‍ഡിഎഫിലേക്ക് വീണ്ടും ചേക്കേറിയ വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും ഇനി അടുത്ത നിയമസഭാതെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളു. അതേസമയം വിരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നണിയിലേക്ക് തിരിച്ചുവരുമ്പോള്‍ തന്നെ ലോക്സഭാ സീറ്റ് നല്‍കാനാകില്ലെന്ന് കാര്യം അറിയിച്ചിരുന്നതായാണ് സിപിഎമ്മിനോട് അടുത്ത വൃത്തങ്ങള്‍ നല്കുന്നസൂചന.
നിലവില്‍ വീരന് വിഭാഗത്തിന് ശക്തിയുണ്ടെന്ന്അവകാശപ്പെടുന്ന കോഴിക്കോട്ട് എ. പ്രദീപ് കുമാര്‍ എംഎല്‍എയെ മല്‍സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. മറ്റൊരു ശക്തികേന്ദ്രമായ വടകരയില്‍ ആവട്ടെ പി.ജയരാജന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. അതായത് മറ്റ് കേന്ദ്ര നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ സിപിഎമ്മിലെ രണ്ട് പ്രബലനേതാക്കളാണ് വീരന് വിഭാഗത്തിന് സ്വാധീന മുള്ള മേഖലകളില്‍ മത്സരരംഗത്തുണ്ടാകുക എന്ന് ചുരുക്കും.
ഇതോടെ സീറ്റ് ലഭിക്കുക എന്നത് മോഹമായി അവശേഷിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മനസ്സിലായികഴിഞ്ഞു. മറ്റൊരു ഘടക കക്ഷിയായ ജനതാദള്‍ എസിന്റെ ഒരു സീറ്റുകൂടി ഏറ്റെടുത്താണ് സിപിഎം ഇത്തവണ 16 സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ സീറ്റിന്റെ കാര്യത്തില്‍ ഇനി സിപിഎമ്മില്‍ നിന്നും ഒരു പുനര്‍ വിചിന്തനം ലോക് താന്ത്രിക് ജനതാദള്‍ പ്രതീക്ഷിക്കുന്നില്ല.
ഇടതുമുന്നണിയില്‍ ചേക്കേറിയതു മുതല്‍ ലോക്സഭാ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ലോക് താന്ത്രിക് ജനതാദളിന്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയതു മുതല്‍ വടകരയോ കോഴിക്കോടോ വേണമെന്ന നിലപാടും പാര്‍ട്ടി കൈകൊണ്ടു.
വടകര സീറ്റെങ്കിലും വാങ്ങിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ മതിയായ ചര്‍ച്ച നടത്താതെ, സിപിഎം തന്നെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ എല്‍ജെഡിക്ക് കടുത്ത അതൃപ്തിയുണ്ട്.
ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ തന്നെ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് എല്‍ജെഡിയുടെ ലോക്സഭാ സീറ്റെന്ന അവകാശവാദം സിപിഎം തള്ളുന്നത്. എന്നാല്‍ യുഡിഎഫ് വിട്ടുവരുമ്പോള്‍ തന്നെ രാജ്യസഭാ സീറ്റ് തങ്ങളുടെ പക്കലുണ്ടെന്നാണ് എല്‍ജെഡി പറയുന്നത്. ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം ലോക്സഭാ സീറ്റ് ലഭിച്ചിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ലോക്സഭാ സീറ്റ് നീക്ഷേധിക്കപ്പെടുന്നത് എല്‍ജെഡിയിലും ആഭ്യന്തര കലഹത്തിന് ഇടയാക്കും. സിപിഎം സമ്മര്‍ദ്ദത്തിന് സംസ്ഥാന നേതൃത്വം വഴങ്ങുന്നത് ശരിയല്ലെന്നും ഒരുവിഭാഗം പറയുന്നു.