‘വീരപ്പൻ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളക്കാരൻ കൂസു മുനിസ്വാമി വീരപ്പൻ വിഹരിച്ചിരുന്ന വനം കാണാൻ കർണാടക അവസരമൊരുക്കുന്നു. സത്യമംഗലം കാടുകളിലൂടെ 22 കിലോമീറ്റർ സഫാരി തുടങ്ങിയിരിക്കുകയാണ് കർണാടക വനം വകുപ്പ്.
വീരപ്പന്റെ ജന്മഗ്രാമമായ കൊല്ലേഗൽ ഗോപിനാഥത്തിൽനിന്നാണ് സഫാരിയുടെ തുടക്കം. കർണാടക-തമിഴ്നാട് അതിർത്തിയായ കാവേരി വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര ഹൊഗനേക്കൽ വെള്ളച്ചാട്ടത്തിനരികെ അവസാനിക്കും. ഇവിടെ താമസത്തിനായി ടെന്റുകളും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും ഓരോ യാത്രകയാണ് ഒരുക്കിയിരിക്കുന്നത്.
തൊണ്ണൂറുകളിൽ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ കാട്ടുകള്ളനായിരുന്നു വീരപ്പൻ. ആനകളെ കൊന്നു കൊമ്പെടുത്തും ചന്ദനം വെട്ടിവിറ്റും കർണാടക-തമിഴ്നാട് അതിർത്തിവനങ്ങളിൽ കാട്ടുരാജാവായി വീരപ്പൻ വാണു. പോലീസുകാർ ഉൾപ്പെടെ നിരവധിപ്പേരെ വീരപ്പൻ കൊന്നുതള്ളി.
കന്നഡ സൂപ്പർ സ്റ്റാർ ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതും വീരപ്പന്റെ ഭീകരതയുടെ മുഖം തുറന്നുകാട്ടുന്നതായിരുന്നു. 184 പേരെ വീരപ്പൻ വധിച്ചെന്നാണു കണക്ക്. ഇതിൽ 97പേർ പോലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ആയിരത്തോളം ആനകളെയും വീരപ്പൻ കൊന്നിട്ടുണ്ട്. 2004ൽ ധർമപുരിക്കടുത്ത് പപ്പരാംപട്ടിയിൽ പോലീസ് കെണി ഒരുക്കി വീരപ്പനെ വെടിവച്ചു കൊല്ലുകയായിരുന്നു.