തലശേരി: അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ വീരപ്പൻ സലാം ഉൾപ്പെടെ രണ്ട് പേർ തലശേരിയിൽ അറസ്റ്റിൽ. കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടിൽ അബ്ദുൾ സലാം എന്ന വീരപ്പൻ സലാം (37), തമിഴ്നാട് തിരുനെൽവേലി ചെട്ടിക്കുളം പഞ്ചായത്തിലെ രാജൻ (41) എന്നിവരെയാണ് അതിസാഹസികമായി തലശേരി സിഐ എം.പി. ആസാദ്, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, ന്യൂമാഹി എസ്ഐ പി.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറത്ത് നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറിൽ മാരകായുധങ്ങളുമായി തലശേരിയിൽ വാഹനക്കൊള്ള ലക്ഷ്യമാക്കി വന്ന സംഘത്തെ ഇന്നു പുലർച്ചെ മാഹി പാലത്തിനു സമീപം വച്ച് സംശയം തോന്നിയ പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ വെട്ടിച്ച് വാഹനം കടന്നുകളയുകയായിരുന്നു. തുടർന്ന് തലശേരി പഴയ ബസ്റ്റാൻഡിൽ വച്ച് ഇന്നു പുലർച്ചെ 2.30ഓടെ സിനിമാ സ്റ്റൈലിൽ പോലീസ് വാഹനം തടയുകയായിരുന്നു.
വാഹനത്തിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെയും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലൂടെയാണ് പിടിയിലായത് അന്തർസംസ്ഥാന കവർച്ച, മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്ന് മനസിലായത്. ഇന്നോവ കാറിൽനിന്ന് നൂറുകണക്കിന് താക്കോൽക്കൂട്ടങ്ങളും ആക്സോ ബ്ലേഡും ഹാർമറും വിവിധ തരത്തിലുള്ള സ്ക്രൂഡ്രൈവറും കണ്ടെടുത്തു.
വീരപ്പൻ സലാമിനെതിരേ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, തലശേരി എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ടോറസ് ഉൾപ്പെടെയുള്ള വലിയ ലോറികൾ മോഷ്ടിച്ചെടുത്ത് കോയന്പത്തൂരിൽ കൊണ്ടുപോയി പൊളിച്ചുവിൽക്കുകയാണ് ഇവർ ചെയ്യുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ രാജൻ അതിമാരകമായ മയക്കുമരുന്നുമായി അരീക്കോട് പിടിയിലായിരുന്നു. ജയിലിൽ വച്ചാണ് ഇരുവരും ചങ്ങാത്തത്തിലായത്. നല്ല ഡ്രൈവർആയ രാജനെ മോഷ്ടിക്കുന്ന വലിയ ലോറികൾ ഓടിക്കുന്നതിനാണ് കൂടെ കൂട്ടിയത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.