ബംഗളുരു: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്റെ അനുയായി സ്റ്റെല്ല മേരി പിടിയിൽ. 27 വർഷത്തെ ഒളിവുജീവിതത്തിനുശേഷമാണു ചാമരാജനഗര ജില്ലയിലെ കൊല്ലേഗൽ സ്വദേശിനിയായ ഇവർ പിടിയിലാകുന്നത്. വീരപ്പൻ വധിക്കപ്പെട്ട് ഏകദേശം 15 വർഷത്തിനു ശേഷമാണ് ഇവരെ കണ്ടെത്താൻ കർണാടക പോലീസിനു സാധിച്ചത്.
കരിന്പിൻ വയലിൽനിന്ന് ആനകളെ ഓടിക്കാൻ വെടിയുതിർത്തതിനെ തുടർന്ന് തീപിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യം ഇവർ അറസ്റ്റിലായത്.
തോക്ക് പ്രവർത്തിപ്പിക്കാൻ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ വീരപ്പനുമായും സംഘവുമായും തനിക്കുളള ബന്ധത്തെ കുറിച്ച് ഇവർ വെളിപ്പെടുത്തിയതായി ചാമരാജനഗർ പോലീസ് സൂപ്രണ്ട് എച്ച്.ഡി. ആനന്ദ കുമാർ പറഞ്ഞു.
ആദ്യഭർത്താവ് വെള്ളായൻ അസുഖം ബാധിച്ചു മരിച്ചതിനെ തുടർന്നു വേലുസ്വാമി എന്നയാളെ വിവാഹം കഴിച്ച് കൊല്ലേഗലിലെ ജാഗേരിയിൽ ആറേക്കർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയായിരുന്നു സ്റ്റെല്ല മേരി. കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
1993-ൽ പതിമൂന്നാമത്തെ വയസിലാണു സ്റ്റെല്ല വീരപ്പന്റെ സംഘത്തിനൊപ്പം ചേർന്നത്. 2003 ഓഗസ്റ്റിൽ വനം പട്രോളിംഗിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും രാമപുര പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലും പാലാർ ബോംബ് സ്ഫോടന കേസിലും സ്റ്റെല്ല പ്രതിയാണ്. ഭീകരവാദപ്രവർത്തനങ്ങൾ തടയുന്നതിനുളള ടാഡ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെയാണു സ്റ്റെല്ല ഒളിവിൽ പോയത്.