സ്വന്തം ലേഖകൻ
തൃശൂർ: ജനതാദൾ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്കുമാർ തട്ടി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്കുമാറിന്റെ നീക്കത്തെ പരസ്യമായി എതിർക്കുകയും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിറകേയാണ് വിരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന്് നീക്കം ചെയ്തത്.
ജനതാദൾ യു സംസ്ഥാന കമ്മിറ്റി 17 നു കോഴിക്കോട് ചേർന്ന് സോഷ്യലിസ്റ്റ് ജനതാ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കും. ബിജെപി സഖ്യത്തെ ശക്തമായി എതിർത്ത് ജനതാദൾ യു പിളർത്തി രാജ്യസഭാംഗത്വം റദ്ദാക്കപ്പെട്ട ശരത് യാദവിന്േറയും അൻവറലിയുടേയും അഖിലേന്ത്യാ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഭാഗമാകണമെന്ന് അഭിപ്രായമുള്ളവരും സംസ്ഥാന നേതൃത്വത്തിലുണ്ട്.
എന്നാൽ അഖിലേന്ത്യാ തലത്തിൽ ഒരു നേതാവിന്റേയും പിറകേ പോകാതെ സ്വതന്ത്രമായി സംസ്ഥാനതലത്തിലുള്ള പാർട്ടിയായി നിലകൊണ്ടാൽ മതിയെന്ന നിലപാടാണ് വീരേന്ദ്രകുമാറിനുള്ളത്. സോഷ്യലിസ്റ്റ് ജനതാദൾ രൂപകീരിച്ചശേഷം ഇടതു മുന്നണിയിലേക്കു ചുവടു മാറ്റാനാണ് വീരേന്ദ്രകുമാർ പക്ഷം ആലോചിക്കുന്നത്. ഒപ്പം രാജ്യസഭാംഗത്വം രാജിവയ്ക്കുകയും ചെയ്യും.
പുതിയ പാർട്ടിക്കു രൂപം നൽകിയശേഷം ജനതാദൾ സെക്കുലറിലെ നേതാക്കളുമായി ചർച്ച തുടരും. ദൾ സെക്കുലറുമായി ലയനത്തിനു സാധ്യതയില്ല. ഇരു പക്ഷത്തേയും നേതാക്കൾ മാനസികമായി വളരെ അകൽച്ചയിലാണ്. എന്നാൽ ഏതാനും നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ വീരേന്ദ്രകുമാർ ശ്രമിക്കും. സെക്കുലർ പാർട്ടിയിലെ കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന വികാരവും ആയുധമാകും.