കോഴിക്കോട്: ജെഡിയു ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലായതായും പുതുവർഷത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് നേതാക്കൾ അനൗദ്യോഗികമായിഅറിയിച്ചിരിക്കുന്നത്. ജെഡിഎസ് എംഎൽഎമാരായ കെ.കൃഷ്ണൻ കുട്ടിയും സി.കെ. നാണുവും ഇതിനോട് അനുകൂലമായി പ്രതികരിച്ചുകഴിഞ്ഞു. അഖിലേന്ത്യാ നേതൃത്വത്തിെൻ്റ അനുമതി ലഭിച്ചാൽ ഇടതുമുന്നണിയിലേക്ക് പോകുന്നതിന് തടസമൊന്നുമില്ല. അതേസമയം എസ്ജെഡി പുനരുജ്ജീവിപ്പിക്കാനും വീരേന്ദ്രകുമാർ എംപിസ്ഥാനം രാജിവയ്ക്കാനും തത്വത്തിൽ തീരുമാനമായി കഴിഞ്ഞു.
കോഴിക്കോട് ജെഡിയു-ജെഡിഎസ് ലയനം എത്രയുംപെട്ടെന്ന് നടപ്പിലാക്കി ശക്തിതെളിയിച്ചമശേഷമായിരിക്കും ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം. ഇതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ കോഴിക്കോട് നടന്നുകഴിഞ്ഞു. വീര്രന്ദ്രകുമാറുമായി ചാലപ്പുറത്തെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻകഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ച നടത്തിയിരുന്നു. അതിനുശേഷം ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് ഗസ്റ്റ്ഹൗസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും വീരേന്ദ്രകുമാറുമായി ചർച്ച നടത്തി.
അപ്പോഴേല്ലാം കരുത്തുതെളിയിച്ചശേഷം മാത്രമേ ഇടതുമുന്നണിയിലേക്ക് വരികയുള്ളു എന്നനിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. പഴയകരുത്ത് ജെഡിയുവിന് ഇല്ല എന്നാണ് സിപിഎം കാഴ്ചപ്പാട്. അതുകൊണ്ടാണ് ലയനത്തിന് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ജില്ലയിലെ പ്രമുഖ നേതാക്കൾ പോലും അറിയാതെയാണ് ഉന്നതനേതാക്കൾ തമ്മിൽ ചർച്ച നടത്തിയതെന്നാണ് വിവരം.
ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവിയും ഇടതുമുന്നണിയിലേക്ക് പോകുന്നതിന് അനുകൂലമാണ്. കാസർഗോഡ്, വടകര, കോഴിക്കോട്, വയനാട് ലോക്സഭാ മണ്ഡലങ്ങളിൽ ജെഡിയു മടങ്ങിവരവ് നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് സിപിഎം. എംഎൽഎ ഇല്ലാത്തതിനാൽ ജെഡിയുവിന് മന്ത്രിസ്ഥാനം കൊടുത്ത് എൽഡിഫിലെടുക്കണമെന്ന പ്രശ്നവുമില്ല.
അതേസമയം, ലോക്സഭയിൽ വടകര അല്ലെങ്കിൽ കോഴിക്കോട് സീറ്റ് കിട്ടുമെന്ന് ജെഡിയു പ്രതീക്ഷിക്കുന്നു.കഴിഞ്ഞ തവണ 12 ജില്ലാ കമ്മിറ്റികളും ഇടതു പുനപ്രവേശം ആവശ്യപ്പെട്ടിട്ടും ജെഡിയു യുഡിഎഫ് വിട്ടില്ല. മാത്രമല്ല യുഡിഎഫിനൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ലോക്സഭ കാണാൻ കഴിയില്ലെന്നും ഇവർ കണക്കുകൂട്ടുന്നു. അതേസമയം കഴിഞ്ഞ അഞ്ചുമാസമായി പാർട്ടി കമ്മിറ്റിയോഗം ചേർന്നിട്ടില്ല.
യുഡിഎഫിൽ വന്ന ശേഷം ജെഡിയുവിന് കനത്ത നഷ്ടം ഉണ്ടായതായും വർഗീയതയെ പ്രതിരോധിക്കാൻ ഇടതു മുന്നണി ഉൾപ്പെടുന്ന മതേതര പാർട്ടിക്കേ കഴിയൂയെന്നും നേരത്തെ ജെഡിഎസ് നേതാവ് ഷെയ്ഖ് പി. ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണിനേതാക്കളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന നേതാവാണ് ഷേയ്ഖ് പി. ഹാരിസ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കിയിരുന്നു. വിവിധ തെരഞ്ഞെടുപ്പുകളിൽ ജെഡിയു സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രവർത്തകർ തിരഞ്ഞ് പിടിച്ച് തോൽപിച്ചു എന്ന പരാതിയും ഇവർക്കുണ്ട്. ു