വരാപ്പുഴ: കള്ളിയെന്നു മുദ്രകുത്തപ്പെട്ടതിന്റെ അപമാനമൊഴിവാക്കാന് ആകെയുണ്ടായിരുന്ന രണ്ടു സെന്റു ഭൂമിയും വീടും വിറ്റു പണം നല്കിയ വയോധിക ഒടുവില്‍ നിരപരാധിയായി. വരാപ്പുഴ ചിറക്കകം ഭഗവതിപറമ്പ് പരേതനായ മാണിയുടെ ഭാര്യ രാധ(70)യ്ക്കാണു ചെയ്യാത്ത കുറ്റത്തിന് അപമാനം പേറേണ്ടി വന്നത്. വരാപ്പുഴയിലും സമീപപ്രദേശങ്ങളിലും വീട്ടുജോലി മാത്രം ചെയ്ത് ഉപജീവനം നടത്തുന്ന രാധ അവശതമൂലം ഓരോ സ്ഥലങ്ങളിലും വിശ്രമിച്ചു ക്ഷീണം മാറ്റിയാണു വീട്ടിലേക്കു പോകാറുള്ളത്.
ഒരാഴ്ച മുമ്പ് വരാപ്പുഴ ഡേവിസണ്‍ തിയറ്ററിനു സമീപമുള്ള ഇരുമ്പു കടയില്‍ വിശ്രമിച്ച ശേഷമാണു വീട്ടിലേക്കു മടങ്ങിയത്. ഈ സമയം കടയില്‍നിന്നു 37,000 രൂപ കളവു പോയെന്നു മനസിലാക്കിയ ഉടമസ്ഥന് വരാപ്പുഴ പോലീസില്‍ പരാതി നല്കി. രാധയാണു മോഷ്ടിച്ചതെന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പരാതിയെത്തുടര്‍ന്നു രാധയുടെ വീട്ടില്‍ പോലീസ് എത്തി. താന്‍ മോഷ്ടിച്ചിട്ടില്ലെന്നു പല തവണ പോലീസിനോടു പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഇവര്‍ ഒരിക്കലും മോഷ്ടിക്കില്ലെന്നു നാട്ടുകാരും ബന്ധുക്കളും പോലീസിനോടു പറഞ്ഞെങ്കിലും രാധയോടു സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.
പ്രായത്തിന്റെ അവശത ഏറെയുള്ള രാധയെ ഏറെ നേരം സ്റ്റേഷനില്‍ നിര്‍ത്തുകയും അസഭ്യ വാക്കുകള്‍ ചൊരിയുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. വീടു വിറ്റിട്ടായാലും മോഷണത്തുക തിരിച്ചു നല്‍കണമെന്നായിരുന്നു പോലീസിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ആകെയുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമി വില്ക്കാന് കരാറെഴുതുകയും അഡ്വാന്‍സായി കിട്ടിയ 50,000 രൂപയില്‍നിന്നു 37,000 രൂപയുമായി മകന് ഗണേഷുമൊത്തു വരാപ്പുഴ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മോഷ്ടിച്ചെന്നു പറയപ്പെടുന്ന തുക പോലീസ് കട ഉടമയ്ക്കു കൈമാറുകയും ചെയ്തു. ഇതിനിടയില്‍ പറവൂര്‍ എസ്ഐ പിടികൂടിയ ഒരു മോഷ്ട്ടാവിനെ ചോദ്യംചെയ്തപ്പോള്‍ വരാപ്പുഴയിലെ ഇരുമ്പു കടയില്‍നിന്നു 37,000 രൂപ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു.
പറവൂര്‍ പോലീസ്മോഷ്ടാ വിനെ തെളിവെടുപ്പിനായി വരാപ്പുഴയിലെ ഇരുമ്പു കടയില്‍ കൊണ്ടുവന്നപ്പോഴാണു വരാപ്പുഴ പോലീസും കടയുടമയും ഞെട്ടിയത്. രാധ നിരപരാധിയാണെന്നു പോലീസിനു വ്യക്തമായെങ്കിലും ഈ വിവരം വരാപ്പുഴ പോലീസ് മറച്ചു വയ്ക്കുകയായിരുന്നു. വീടു വില്ക്കാന് പ്രേരിപ്പിച്ച എസ്ഐ ക്ലീറ്റസ് രണ്ടു ദിവസം മുമ്പു ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
നിരപരാധിയായ രാധയെ വരാപ്പുഴ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്ഐയുടെ സാന്നിധ്യത്തില്‍ കടയുടമ തുക തിരികെ നല്കി. കേള്‍വിശക്തിയില്ലാത്ത രാധ വീടുപണിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍, കള്ളിയെന്നു പോലീസ് മുദ്ര കുത്തിയതോടെ വീട്ടു പണിക്ക് ആരുംതന്നെ വിളിക്കാത്ത അവസ്ഥയാണ്. അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീട്ടിലാണു രാധയും കുടുംബവും താമസിക്കുന്നത്. ഈ രണ്ടു സെന്റ് ഭൂമി നഷ്ടപ്പെട്ടാല്‍ ഇനി പെരുവഴി മാത്രമാണ് ആശ്രയമെന്നു നാട്ടുകാര്‍ പറയുന്നു.