ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഉലഞ്ഞു പോയെങ്കിലും പറക്കമുറ്റാത്ത പെണ്‍മക്കളുടെ ഭാവിയെകരുതി കരുത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത വീട്ടമ്മയുടെ വിജയഗാഥയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചാവിഷയം. ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താതെ മുംബൈ സ്വദേശിനി തന്റെ ജീവിതകഥ പങ്കുവച്ചത്.
മുംബൈ റെയില്‍വേ സ്‌റ്റേഷനിലെ ജീവനക്കാരനായിരുന്ന യുവതിയുടെ ഭര്‍ത്താവ്. ആഡംബരങ്ങളൊന്നുമില്ലങ്കിലും അല്ലലില്ലാത്ത സന്തുഷ്ടമായ കുടുബജീവിതം. രണ്ട് പെണ്‍മക്കളുടെ കളിചിരികള്‍ മാത്രം മതിയായിരുന്നു ആ ദമ്പതികള്‍ക്ക് മനം നിറയാന്‍. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. രാജ്യത്തെ നടുക്കി 2011 നവംബര്‍ 26ാം തിയതി ഉണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരില്‍ യുവതിയുടെ ഭര്‍ത്താവുമുണ്ടായിരുന്നു..
തന്റെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ച് പോയ യുവതി കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കാനുള്ള വക പോലും കണ്ടെത്താന്‍ പാടുപെട്ടു. ദുരിതങ്ങളില്‍ ആശ്വാസമായി ഭര്‍ത്താവിന്റെ ജോലി യുവതിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ യുവതിക്ക് എട്ടാംക്ലാസ് വരെയേ വിദ്യാസമുണ്ടായിരുന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. പകരം ലഭിച്ചത് നാമമാത്ര വേതനമുള്ള താത്കാലിക ജോലി.
വീട്ടുചെലവ്, മക്കളുടെ വിദ്യാഭ്യാസം, ഭാവി.. ഇക്കാര്യങ്ങളൊന്നും ഇപ്പോഴുള്ള ജോലികൊണ്ട് നിവര്‍ത്തിക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ യുവതി പഠിക്കാന്‍ തീരുമാനിച്ചു. പകല്‍ മുഴുവന്‍ റെയില്‍വേ സ്‌റ്റേഷനിലെ ജോലി. വീട്ടില്‍ വന്നാല്‍ കുട്ടികള്‍ക്കുളള ഭക്ഷണം ഉണ്ടാക്കി, അവരുടെ കാര്യങ്ങളൊക്കെ നോക്കിയശേഷം നേരെ പോകുന്നത് രാത്രികാല ക്ലാസിന്. ക്ലാസ് കഴിഞ്ഞു വന്ന് രാത്രി വൈകിയും പഠിക്കാനും ഹോംവര്‍ക്കുകള്‍ ചെയ്യാനും യുവതി സമയം കണ്ടെത്തി. ആവശ്യത്തിനു ഉറക്കമില്ലാതെയും ഭക്ഷണമില്ലാതെയും ജോലിസ്ഥലത്ത് പലപ്പോഴും തളര്‍ന്നു വീണിട്ടിട്ടുണ്ടെന്ന് യുവതി പറഞ്ഞു. എന്നാല്‍ മനം തളര്‍ന്നില്ല.
മക്കളുടെ നല്ല ഭാവി മനസില്‍ തെളിഞ്ഞത് കഠിനാധ്വാനത്തിനുള്ള ഊര്‍ജമായെന്നും യുവതി പറഞ്ഞു. ഇപ്പോള്‍ നല്ല മാര്‍ക്കോടെ പത്താംതരം വിജയിച്ച സന്തോഷത്തിലാണ് യുവതി. എസ്എസ്എല്‍സി നേടിയതിനാല്‍ യുവതിക്ക് പ്രമോഷനും ലഭിച്ചു. എന്നാല്‍ ഇതുകൊണ്ട് നിര്‍ത്താനല്ല യുവതിയുടെ ഉദ്ദേശ്യം. 12–ാം ക്ലാസും പാസായി ഭര്‍ത്താവിന്റെ അതേ ജോലി നേടുക എന്നതാണ് യുവതിയുടെ ലക്ഷ്യം. അതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഈ വീട്ടമ്മ.