കൊച്ചി: വിവിധ രാജ്യങ്ങളിൽ നിന്നു തെരഞ്ഞടുത്ത മലയാളി വീട്ടമ്മമാരുടെ സൗന്ദര്യ മത്സരം “മിസിസ് ഗ്ലോബൽ ഗോഡ്സ് ഓണ് കണ്ട്രി 2017′ 20ന് നടക്കും. എസ്പാനിയോ ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരത്തിൽ 26 വീട്ടമ്മമാർ മാറ്റുരയ്ക്കും. കൊച്ചി, ബംഗളൂരു, ദുബായ് എന്നിവിടങ്ങളിൽ നടത്തിയ ഓഡിഷനുകളിൽ നിന്നാണ് മത്സരാർഥികളെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
20ന് വൈകുന്നേരം 5.30 മുതൽ രാത്രി 11.30 വരെ സിയാൽ കണ്വൻഷൻ സെന്ററിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഇതിനു മുന്നോടിയായുള്ള ഗ്രൂമിംഗ് സെഷൻ ഇന്നലെ ആരംഭിച്ചു. 19 വരെ തുടരും. മൂന്നു റൗണ്ടുകളിലായി നടക്കുന്ന ഫൈനൽ മത്സരത്തിൽ മൂന്നു ഡിസൈനർ ഷോയും സംഘടിപ്പിക്കും. കൊച്ചി, കോട്ടയം, ന്യൂഡൽഹി, ദുബായ്, കുവൈറ്റ്, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി സ്ത്രീകളാണു മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
മിസിസ് ഗ്ലോബൽ ടൈറ്റിൽ ജേതാവിന് മൂന്നു ലക്ഷം രൂപയും ഫസ്റ്റ് റണ്ണർ അപ്പിന് രണ്ടു ലക്ഷം രൂപയും സെക്കൻഡ് റണ്ണർ അപ്പിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം. നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഷോയുടെ കോറിയോഗ്രഫി ഡാലു കൃഷ്ണദാസും മേക്ക് അപ്പ് ഷെഫീനയുമാണ് നിർവഹിക്കുന്നത്.
പ്രമുഖ ജഡ്ജിംഗ് പാനലാകും വിജയികളെ തെരഞ്ഞെടുക്കുക. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടൻ ഇടവേള ബാബു, കോറിയോഗ്രഫർ ഡാലു കൃഷ്ണദാസ്, എസ്പാനിയോ ഇവന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി എ.ടി. അൻവർ, ഡയറക്ടർ സുൽഫി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.