കാക്കനാട്: ഫഌറ്റിന്റെ 14ാം നിലയില്‍ നിന്നും താഴെ വീണ് മരണപ്പെട്ട വീട്ടമ്മ മേഘ(23)യുടെ പോസ്റ്റ്മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ ശേഷം ഇന്ന് സ്വദേശത്തേക്ക് കൊണ്ടു പോകും. സ്വദേശമായ കായംകുളം ഓലകെട്ടിയമ്പലം പുഷ്മഗലത്ത് വീട്ടില്‍ എത്തിച്ചാണ് ഇന്ന് സംസ്കാരം നടത്തുകയെന്നു ബന്ധുക്കള്‍ പറഞ്ഞു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മേഘയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ പരിശോധിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോകുകയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കാക്കനാട് വിഎസ്എന്എല് റോഡിലെ ഫഌറ്റിന്റെ 14-ാം നിലയിലെ ഫഌറ്റിനുള്ളില്‍ രണ് വയസുള്ള മകനെ ഇരുത്തിയശേഷം മാലിന്യം കളഞ്ഞു തിരികെ യെത്തിയപ്പോള്‍ ഫഌറ്റിന്റെ ഓട്ടോമാറ്റിക് വാതില്‍ തുറക്കാനായില്ല. തുടര്‍ന്നു പിന്നിലെ ഗോവണി വഴി മുകളില്‍ കയറി ബാല്‍ക്കണിയിലൂടെ അകത്തുകയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. താഴത്തെ നിലയിലെ ഷീറ്റ് മേഞ്ഞ ഷെഡിന്റെ മുകളിലാണ് പതിച്ചത്.
ഫഌറ്റിലെ ജീവനക്കാര്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് സിഐയുടെ നേതൃത്വത്തില്‍ ഉടന്‍ യുവതിയെ ആശുപതിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് ഫഌറ്റിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ആറു മാസം മുമ്പാണ് ദമ്പതികള്‍ ഫഌറ്റില്‍ താമസം തുടങ്ങിയത്. ഭര്‍ത്താവ് സുജിത്ത് തമ്മനത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ്.