കുമളി: പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് വീട്ടമ്മ കുമളി പോലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. കുമളി ഒന്നാം മൈൽ കുഴിക്കണ്ടം സ്വദേശി ജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് കൈകുഞ്ഞും കുട്ടികളുമായി പോലീസ് സ്റ്റേഷനു മുൻപിൽ സമരം ആരംഭിച്ചത്.
ഇന്നലെ ഇവരുടെ ഭർത്താവും അയൽക്കാരനുമായി വഴക്കുണ്ടായിരുന്നു. അയൽക്കാരൻ കുമളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
തന്റെ ഭർത്താവിനെ ആക്രമിച്ച അയൽക്കാരനെതിരെ കേസെടുക്കാതിരുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇവർ കുട്ടികളുമായി ഇന്നലെ രാത്രി ഒൻപതോടെ പോലീസ് സ്റ്റേഷനു മുന്നിൽ ഇരിപ്പുറപ്പിച്ചത്.
രാഷ്ടീയ ഇടപെടൽ മൂലം തനിയ്ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.